പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി നിർമിച്ച വീട് നടൻ സുരേഷ് ഗോപി കൈമാറി. ചെറുതാഴം പഞ്ചായത്തിലെ 10–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിലാണ് അന്ന് രഞ്ജിതയെ വാടകവീട്ടിൽ നിന്ന് പുറത്താക്കിയത്. ഇത് ചർച്ചയായതോടെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, എംപിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിച്ചത്.
തുടർന്നു വീട് നിർമിച്ചു നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു.‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. വീരഞ്ചിറയിലാണ് വീട്. ബിജെപി നേതാക്കളും നാട്ടുകാരും ചേർന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ അമ്മയുടെ പേരാണ് വീടിന് നൽകിയത്.. ഹീര ഭവൻ. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, കെ.തമ്പാൻ,സി.നാരായണൻ, ബിജു എളകുഴി, പ്രഭാകരൻ കടന്നപ്പളളി, കെ.പി.അരുൺ, മധു മാട്ടൂൽ എന്നിവർ ഒപ്പുമുണ്ടായിരുന്നു.