//
20 മിനിറ്റ് വായിച്ചു

സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ ഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് സ്വപനയ്ക്ക് ലഭിച്ച നിർദ്ദേശം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്ന അറിയിച്ചിട്ടുണ്ട് .മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻ മന്ത്രി കെ ടി ജലീൽ, പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ നടത്തിയ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ആണ് സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ അംഗീകൃത പകർപ്പ് ഇ ഡി കോടതിയിൽ നിന്നും കൈപ്പറ്റിയതിന് പിന്നാലെയായിരുന്നു നോട്ടീസ് നൽകിയത്.സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നൽകിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പിനായി ഇ ഡി കോടതിയെ സമീപിച്ചിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെൻറിന് ലഭിച്ചിട്ടുള്ളത്.ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിൻറെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെൻറിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.വീണാ വിജയന് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാർജാ സുൽത്താനോട് മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചു എന്നതാണ് സ്വപ്ന നൽകിയ സത്യവാങ് മൂലത്തിലെ പ്രധാന ആക്ഷേപം. ഷാർജാ സുൽത്താനും ഭാര്യയും തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് സുൽത്താന്റെ ഭാര്യയെ കാറിൽ അനുഗമിച്ചത് കമലാ വിജയൻ ആയിരുന്നു. ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കമലാ വിജയൻ ബിസിനസ് പ്രൊപ്പോസൽ മുന്നോട്ടു വെച്ചത് സുൽത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു. തുടർന്ന് അവർ ക്ലിഫ് ഹൗസിലെ വിരുന്നിൽ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വൻതോതിൽ സ്വർണ്ണവും രത്നങ്ങളും സമ്മാനമായി നൽകാൻ കമലാ വിജയൻ ഒരുങ്ങി. എന്നാൽ അവർ അത് സ്വീകരിക്കില്ല എന്ന് അറിയിച്ചതിനാൽ പിന്മാറിയെന്നും സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഇത് കൂടാതെയാണ് കെ ടി ജലിലീനും പി ശ്രീരാമകൃഷ്ണനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

എമിറേറ്റ്സ് റെഡ് ക്രെസന്റ് സ്പോൺസർ ചെയ്ത 17 ടൺ ഈന്തപ്പഴം മുംബൈയിലോ ഡൽഹിയിലോ ഇറക്കാൻ പറ്റുന്നില്ല എന്ന് കോൺസുൽ ജനറൽ അറിയിച്ചതിനെ തുടർന്ന് ശിവശങ്കറിനെ ബന്ധപ്പെട്ടു എന്നും ശിവശങ്കറിന്റെ സഹായത്തോടെ ഈന്തപ്പഴം കൊച്ചിയിൽ ഇറക്കി. ഈന്തപ്പഴ പാക്കറ്റുകളിൽ ചിലതിന് അസ്വാഭാവിക ഭാരം ഉണ്ടായിരുന്നു. എട്ടു സ്ഥാപനങ്ങളിലേക്ക് ഈന്തപ്പഴം അയക്കാൻ തീരുമാനിച്ചു. എങ്കിലും കുറച്ചു മാത്രമേ വിതരണം ചെയ്തുള്ളൂ. കുറച്ചു പെട്ടികൾ കോൺസുൽ ജനറൽ ഡ്രൈവർ മുഖാന്തിരം കെ ടി ജലീലിന് അയച്ചു കൊടുത്തു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. പി ശ്രീരാമകൃഷ്ണൻ ഷാർജാ ഭരണാധികാരിയുമായി വൺ ടു വൺ മീറ്റിംഗ് നടത്തി സ്വന്തം സർവ്വകലാശാലയ്ക്ക് ഭൂമി ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് കോൺസുൽ ജനറലിന് ഒരു ബാഗ് നിറയെ പണം ശ്രീരാമകൃഷ്ണൻ കൈക്കൂലിയായി നൽകി എന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version