//
15 മിനിറ്റ് വായിച്ചു

സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ്. സ്ത്രീശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തി. സംഘടനയില്‍ സൗജന്യസേവനം നടത്തുവാനുള്ള സ്വപ്ന സുരേഷിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. നിയമനം റദ്ദാക്കിയതോടെ ശമ്പളമോ യാത്രാ ബത്തയോ ഇനി സ്വപ്‌നയ്ക്ക് ലഭിക്കില്ല. അധ്യക്ഷ പദവികളില്‍ ഉള്ളവര്‍ക്ക് നിലവില്‍ സംഘടന വേതനം നല്‍കുന്നില്ല.

‘സ്വപ്നയെ ചെല്ലും ചെലവും കൊടുത്ത് എച്ച്ആര്‍ഡിഎസ് സംരക്ഷിക്കുകയണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പരാതി ഉന്നയിച്ചതിന്’ പിന്നാലെയാണ് നടപടിയെന്ന് എച്ച്ആര്‍ഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സ്വപ്നക്ക് ജോലി നല്‍കിയതോടെ എച്ച്ആര്‍ഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറിയെന്നും എച്ച്ആര്‍ഡിഎസ് പറഞ്ഞു. 2022 ഫെബ്രുവരി 18 നാണ് സ്വപ്‌നാ സുരേഷിനെ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സ്ത്രീശാസ്ത്രീകരണം സിഎസ്ആര്‍ വിഭാഗം ഡയറക്ടറായി നിയമിച്ചത്.

സര്‍ക്കാര്‍ ഐടി വിഭാഗത്തിന്റെ കീഴിലെ സ്‌പേസ് പാര്‍ക്കിലും യുഎഇ കോണ്‍സുലേറ്റിലും ഉന്നത പദവികള്‍ കൈകാര്യം ചെയ്ത സ്വപ്‌നയുടെ നിയമനം തികച്ചും സദുദ്ദേശത്തോടെയാണെന്നും എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നു. സ്വന്തം ഫണ്ടില്‍ നിന്നാണ് സ്വപ്നക്ക് ശമ്പളം നല്‍കിയത്. സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വാഹന, താമസ സൗകര്യങ്ങള്‍ നല്‍കി വരുന്നുണ്ട്. സ്വപ്‌നാ സുരേഷിന് ജോലി നല്‍കിയെന്ന അപരാദം മാത്രമേ എച്ച്ആര്‍ഡിഎസ് ചെയ്തിട്ടുള്ളൂ. സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ മറ്റ് കാര്യങ്ങളെല്ലാം തന്നെ സ്വപ്‌നാസുരേഷിന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്ഥാപനം വിശദീകരിച്ചു.

സ്വപ്‌നാ സുരേഷിനൊപ്പം തന്നെ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരുന്ന സാഹചര്യമുണ്ട്. സ്വപ്നയെ ജോലിക്കെടുത്തതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനെ ക്രൂശിക്കുന്ന സര്‍ക്കാര്‍ ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്ആര്‍ഡിഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു.വിദേശ ഏജൻസികളുടെ ഉൾപ്പെടെ സഹായം കൊണ്ട് നടത്തുന്ന എച്ച് ആർ ഡി എസ്സിന്റെ പദ്ധതികൾ അട്ടിമറിക്കുന്നതിന് സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന കുത്സിത ശ്രമങ്ങളേ ചെറുത്തു നിൽക്കുന്നതിന് സ്ഥാപനത്തിന് ശേഷിയില്ലെന്നും ഇത്തരത്തിലുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും എച്ച ആർ ഡി എസ് പ്രസ്താവനയിലൂടെ അറിയിക്കുന്നുണ്ട്

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!