/
12 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് പുതിയ ബസ് സ്റ്റാൻഡ്; സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കി

തളിപ്പറമ്പ്: പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം റദ്ദാക്കി. പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.2002ൽ അന്നത്തെ ഭരണസമിതി തീരുമാനമെടുത്ത് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയെങ്കിലും സ്ഥലവാസികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതോടെ ഏറ്റെടുക്കൽ നടപടി സ്റ്റേ ചെയ്തു. ഇപ്പോൾ നോട്ടിഫിക്കേഷൻ കാലാവധി അവസാനിച്ചതോടെയാണ് നിലവിലെ ഭരണസമിതി പുതിയ സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കാനുള്ള പഴയ തീരുമാനം റദ്ദ് ചെയ്തത്.വികസിക്കുന്ന തളിപ്പറമ്പിന് സൗകര്യങ്ങളോടുകൂടിയ പുതിയ ബസ് സ്റ്റാൻഡ് എന്ന ആശയത്തിന് ബദൽ നിർദേശം മുന്നോട്ട് വെക്കാതെ പഴയ തീരുമാനം ഒഴിവാക്കിയത് വ്യക്തമായ നിലപാടുകൾ ഇല്ലാത്ത ഭരണസമിതിയുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭ ഓഫിസ് വളപ്പിൽ ഓഡിറ്റോറിയം നിർമിക്കാനുള്ള പഴയ തീരുമാനം പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിന് ഇടയാക്കി. ഇപ്പോൾ ഇവിടെ ഷോപ്പിങ് കോംപ്ലക്സ്-കം ഓഡിറ്റോറിയം നിർമിക്കുമെന്ന് ബജറ്റിൽ നിർദേശം വന്നതോടെ പഴയ തീരുമാനം റദ്ദ് ചെയ്യാനുള്ള നടപടി ഒഴിവാക്കണമെന്ന കൗൺസിലർമാരുടെ നിർദേശത്തെതുടർന്ന് അജണ്ട മാറ്റി.പാലയാട് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന് അനുവദിച്ച രണ്ടുകോടിയുടെ പ്രവൃത്തി സാങ്കേതിക കാരണങ്ങളാൽ നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ആ തുക കാക്കാത്തോട് ഓവുചാൽ പ്രവൃത്തിയുടെ എട്ടാം ഘട്ടമായി ഉൾപ്പെടുത്തുന്നതിനെതിരെയും പ്രതിപക്ഷം രംഗത്തുവന്നു.ഫണ്ട് ഒരുപ്രദേശത്തേക്ക് മാത്രം മാറ്റിവെക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷാംഗങ്ങൾ ഈ തുക കൂവോട് ഭാഗത്തേക്ക് മലിനജലം ഒഴുകിയെത്തുന്നതിന് പരിഹാരം കാണാൻ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. എം.കെ. ഷബിത, ഒ. സുഭാഗ്യം, സി.വി. ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version