ഹയർ സെക്കന്ററി മൂല്യനിർണയ ക്യാമ്പിൽ പ്രതിഷേധവുമായി അധ്യാപകർ. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇതേ തുടർന്ന് കെമിസ്ട്രി പരീക്ഷയുടെ മൂല്യ നിർണ്ണയം അധ്യാപകർ ബഹിഷ്കരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിച്ചത്.ഇന്ന് രാവിലെയാണ് ഹയർ സെക്കന്ററി മൂല്യനിർണയം ആരംഭിച്ചത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് നാലര വരെയാണ് മൂല്യനിർണയം.കെമിസ്ട്രി വിഷയത്തിന് സ്കീം ഫൈനലൈസേഷന് നൽകിയ ഉത്തര സൂചികയല്ല മൂല്യനിർണയത്തിന് നൽകിയിരിക്കുന്നതെന്ന് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പരീക്ഷാ ജോയിന്റ് ഡയറക്ടർ എസ്എസ് വിവേകാനന്ദൻ പ്രതികരിച്ചു. അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഉത്തരസൂചികയെന്നാണ് ആരോപണം. പുതിയ ഉത്തരസൂചിക അടിസ്ഥാനമാക്കിയാണ് മുല്യനിർണയം നടത്തുന്നതെങ്കിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മാർക്ക് ലഭിക്കില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.മുന്‍കാലങ്ങളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന് വെബ്‌സൈറ്റിലൂടെ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വരെ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്. ഇത്തവണ അതില്‍ നിന്നും വിഭിന്നമായി പരീക്ഷാ സെക്രട്ടറി യാതൊരു മാനദണ്ഡങ്ങളും കൂടാതെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലുളള പരിണിതഫലമാണ് ഇത്തരം ചോദ്യപേപ്പറെന്നും സംഘടന കുറ്റപ്പെടുത്തുന്നു. പരീക്ഷ സെക്രട്ടറി നടത്തുന്ന ഏകപക്ഷീയമായ നടപടികള്‍ ആണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമെന്നും സംഘടന അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കുന്ന ഇത്തരം നടപടികളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം പിന്‍മാറണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.