സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ വിജിലന്‍സിന് സഹായത്തോടെ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്‍പത് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം
സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്നു മുതല്‍ 9 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ രണ്ടുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും 9, 10 ക്ലാസുകളില്‍ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2022- 23 അധ്യയനവര്‍ഷം പ്രവേശനം നല്‍കുന്നതിന് വകുപ്പ് അനുമതി നല്‍കി.