പരീക്ഷയിൽ തോറ്റാൽ ശകാരിക്കുമെന്ന് ഭയന്ന് പത്താം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം കൊലപാതകം അയൽവാസിയുടെ മേൽ കെട്ടിവെക്കാനും വിദ്യാർത്ഥി ശ്രമിച്ചതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ കുടുംബവുമായി അസ്വാരസ്യത്തിലായിരുന്നു അയൽവാസി. ഇതാണ് സംശയം അയൽവാസിയുടെ മേൽ കെട്ടിവെക്കാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്.ഏപ്രിൽ രണ്ടിന് രാത്രിയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നത്. തുടർന്ന് അടുത്ത ദിവസം പൊലീസിൽ നൽകിയ പരാതിയിൽ പിതാവിന്റെ മുറിയിൽ നിന്ന് അയൽവാസി പുറത്തു പോകുന്നത് കണ്ടതായും വിദ്യാർത്ഥി ആരോപിച്ചിരുന്നു.പരാതി ലഭിച്ചതിനെ തുടർന്ന് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. എന്നാൽ ഫോറൻസിക് പരിശോധനാഫലത്തിൽ തോന്നിയ സംശയമാണ് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചത്.അന്വേഷണത്തിനിടയിൽ പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ കുട്ടി താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു.പഠിക്കാത്തതിന്റെ പേരിൽ അച്ഛൻ തന്നെ ശകാരിച്ചിരുന്നുവെന്നും പത്താം ക്ലാസ് പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിനോട് പറഞ്ഞു. പരീക്ഷയ്ക്ക് പഠിച്ചിരുന്നില്ലെന്നും തോൽക്കുമെന്ന് ഭയന്നിരുന്നതായും കുട്ടി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയിൽ ഹാജരാക്കി. ശേഷം ജൂവനൈൽ ഹോമിലേക്ക് മാറ്റി.