കണ്ണൂർ : ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ നാടുവിട്ടു. തലശ്ശേരി വ്യവസായ പാർക്കിലെ ഫാൻസി ഫൺ എന്ന സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയുമാണ് നാട് വിട്ടത്.
കെട്ടിടത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിൽ നഗരസഭ ഇവരുടെ സ്ഥാപനത്തിനെതിരെ നാലര ലക്ഷം പിഴ ഒടുക്കാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത്ര വലിയ തുക നൽകാൻ നിവര്‍ത്തിയില്ലെന്ന് കാണിച്ച് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് കൊടുത്തില്ല. ഇതിൽ മനം മടുത്താണ് ദമ്പതിമാർ നാടുവിട്ടത്.
നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നത്. കോടതി ഉത്തരവുമായി നഗരസഭയിൽ എത്തിയിട്ടും തുറന്ന് നൽകിയില്ലെന്നും അതിൽ മനംമടുത്താണ് ഉടമകൾ നാട് വിട്ടതെന്നും സ്ഥാപനത്തിന്റെ മാനേജൻ ദിവ്യ വിശദീകരിച്ചു. മോശം പെരുമാറ്റം വൈസ് ചെയർമാന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും അവര്‍ വിശദീകരിച്ചു.