തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ശനിയാഴ്‌ച തുടക്കമാകും. ആന്തൂർ നഗരസഭാ സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനാകും. 31 വരെ നടക്കുന്ന നാടിന്‍റെ ഉത്സവത്തിൽ പത്തു ലക്ഷത്തിലേറെപേർ പങ്കെടുക്കും. സംസ്ഥാനത്തെ ഒരു നിയമസഭാ മണ്ഡലത്തിൽ ഇത്രയും വിപുലമായ കലാ, കായിക, സംസ്‌കാരിക, വിനോദ പരിപാടി ആദ്യമാണെന്ന് എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ പുസ്‌തകോത്സവം, പ്രദർശനം, ചിൽഡ്രൻസ് അമ്യൂസ്‌മെന്‍റ് പാർക്ക്, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവയുണ്ടാകും. 20 രൂപയാണ് പ്രവേശന നിരക്ക്. പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യപാസ് നൽകിയിട്ടുണ്ട്.
25-ന് ക്രിസ്മസ് ദിവസം വൈകിട്ട് 6.30-ന് ശരീര സൗന്ദര്യ പ്രദർശനം. എഴിന് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം. എട്ടിന് ഊരാളി ബാൻഡിന്‍റെ ആട്ടവും പാട്ടും. 26-ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനംചെയ്യും. 6.30-ന് ജി.എസ്. പ്രദീപിന്‍റെ ഷോ അറിവുത്സവം. എട്ടിന് കലാമണ്ഡലം കലാകാരികളുടെ നൃത്തപരിപാടി.
27-ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉദ്‌ഘാടനം ചെയ്യും. 6.30ന് നഗരസഭാ സ്റ്റേഡിയത്തിൽ ഉത്തരേന്ത്യൻ കലാകാരന്മാരുടെ നാടോടി നൃത്തോത്സവം. എട്ടിന് എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നാടകം- ‘നാലുവരിപ്പാത’.
28-ന് വൈകിട്ട് ആറിന് മന്ത്രി ജെ. ചിഞ്ചുറാണി സാംസ്‌കാരിക സായാഹ്നം ഉദ്‌ഘാടനം ചെയ്യും. 6.30ന് നഗരസഭാ സ്റ്റേഡിയത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ഏകാംഗ നാടകം- ‘പെൺനടൻ’. എട്ടിന് റാസയും ബീഗവും ചേർന്നൊരുക്കുന്ന ‘ഗസൽ രാവ്’.
29-ന് വൈകിട്ട് ആറിന് സാംസ്‌കാരിക സായാഹ്നം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. 6.30-ന് പട്ടുറുമാൽ റീലോഞ്ചിങ്. 6.30ന് എൻജിനിയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നാടകം- ‘ഞാൻ’. രാത്രി 8.30-ന് മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മെഗാ കാവ്യാവതരണ നൃത്തപരിപാടി -‘മനുഷ്യനാകണം’.
30-ന് രാത്രി ഏഴിന് നഗരസഭാ സ്‌റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെ കലാകാരികളുടെ കേരള നടനം. എട്ടിന് സമ്മാനസായാഹ്നവും തളിപ്പറമ്പ് മണ്ഡലത്തിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ഒമ്പതിന് നഗരസഭാ സ്‌റ്റേഡിയത്തിൽ നടി നവ്യാ നായരുടെയും സംഘത്തിന്‍റെയും നൃത്ത പരിപാടി.
31-ന് വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം.വി. ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന് പിന്നണി ഗായകൻ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാസംഗീത പരിപാടി. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി. മുകുന്ദൻ, നടൻ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദ്, കെ.എം. അജയകുമാർ എന്നിവരും പങ്കെടുത്തു.