/
13 മിനിറ്റ് വായിച്ചു

ഓണാഘോഷത്തിന് രൂപം മാറ്റിയ വാഹനങ്ങള്‍;തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

കണ്ണൂര്‍: ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ ബൈക്കുകളും കാറുകളുമായെത്തിയവര്‍ പോലീസ് പിടിയിലായി. ഇന്നലെ രാവിലെ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികള്‍ ചുറ്റിക്കറങ്ങുന്നതു കണ്ടായിരുന്നു പോലീസിന്റെ ഇടപെടല്‍. ഓരോ വാഹനങ്ങള്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെയാണ് ആര്‍.ടി.ഒയുടെ പരിശോധനകള്‍ക്ക് ശേഷം പോലീസ് പിഴയായി ഈടാക്കിയത്.മതിയായ രേഖകളില്ലാത്ത കെ.എല്‍ ഐ 2237 തുറന്ന ജീപ്പിന്റെ ആര്‍.സി റദ്ദാക്കാന്‍ പോലീസ് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പരുത്തണം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മാതാപിതാക്കളും ഇവരുടെ വാഹനം ഉപയോഗം നിരീക്ഷിക്കണമെന്ന് എംവിഡി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ഫോട്ടോ/ വീഡിയോ സഹിതം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാരെ അറിയിക്കണം.

മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് എംവിഡിയുടെ നിര്‍ദേശം. വാഹനം ദുരുപയോഗം ചെയ്തതുമൂലം ഗുരുതര അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!