//
9 മിനിറ്റ് വായിച്ചു

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും; ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

പ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രസവത്തിനിടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. തങ്കം എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസവത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഐശ്വര്യ തിങ്കളാഴ്ച മരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ചികിത്സാ പിഴവുണ്ടായെന്നും, ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയില്‍ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ജൂണ്‍ 29നായിരുന്നു ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐശ്വര്യയെ ഒമ്പതുമാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും, യുവതിയുടെ ആരോഗ്യ നില പരിഗണിച്ച് സിസേറിയന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും, സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും, പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതായി പാലക്കാട് സൗത്ത് പൊലീസ് അറിയിച്ചു. അതേസമയം തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സാധ്യമായ ചികിത്സകള്‍ എല്ലാം നല്‍കിയെന്നും അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്നുമാണ് പ്രതികരണം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version