കണ്ണൂർ:-സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഫെയ്സ് ബുക്ക് പേജ് തുടങ്ങി. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർടി കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഫെയ്സ് ബുക്ക് പേജ് തുടങ്ങുന്നതെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരിൽ ആദ്യമായാണ് പാർടി യുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. കണ്ണൂർ വിമാനത്താവളം വന്നതും മറ്റ് പശ്ചാത്തല സൗകര്യം കണ്ണൂരിൽ ഒരുങ്ങിയതും പാർടി കോൺഗ്രസ്സിനുള്ള വേദിയായി കണ്ണൂർ മാറാൻ കാരണമായി . നായനാർ അക്കാദമിയിലെ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് പാർടി കോൺഗ്രസ് നടക്കുന്നത്. കേന്ദ്ര സ്വാഗത സംഘത്തിന് പുറമെ ഏരിയാ ലോക്കൽ ബ്രാഞ്ച്തലത്തിലും സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെലവ് പൂർണമായും ജനങ്ങളിൽ നിന്ന് ശേഖരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ട്രഷററുമായ എം വി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം പിവി ഗോപിനാഥ് പങ്കെടുത്തു. നവമാധ്യമ സമിതി ചെയർപേഴ്സൺ എൻ സുകന്യ സ്വാഗതവും കൺവീനർ അഡ്വ പി സന്തോഷ് നന്ദിയും പറഞ്ഞു. ഏപ്രിൽ 6 മുതൽ 10 വരെയാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്.