//
11 മിനിറ്റ് വായിച്ചു

വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ നൽകിയ പോക്സോ പീഡന പരാതി വ്യാജമെന്ന് ക്രൈം ബ്രാഞ്ച്

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ്ഐയുടെ മകൾ നൽകിയ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്ഐ, 16കാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്സോ പരാതി നൽകിച്ചത്. എസ്ഐയുടെ തെറ്റ് വ്യക്തമായിട്ടും ശിക്ഷ വേണോ എന്നകാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.പോക്സോ പരാതി ആയതിനാലാണ് എസ്ഐയുടെയും മകളുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തത്. കഴിഞ്ഞ ആഗസ്ത് 19നാണ് കേസിന് കാരണമായ സംഭവം. പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്ഐ, തന്റെ കാറ് അടുത്തുള്ള ടയർ സർവ്വീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. സ‍ർവ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാൻ മാനേജർ ഷമീം ആവശ്യപ്പെടുകയായിരുന്നു.

പിറ്റേന്ന് വകുന്നേരം പൊലീസ് യൂണിഫോമിൽ ജീപ്പുമായി എസ്ഐ കടയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടി. എസ്ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാൽ എസ്ഐയെ സ്ഥലം മാറ്റി. ഇതോടെ സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡന പരാതി നൽകിക്കുകയാണ് എസ്ഐ ചെയ്തത്.അന്ന് എസ്ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം. ഇത് വ്യാജ പരാതിയാണെന്ന് ഷമീം എസ്പിയെ കണ്ട് ധരിപ്പിച്ചു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാർ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ ഷമീമിനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് നൽകി. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വിശദമായി പരിശോധിച്ചായിരുന്നു ഈ കണ്ടെത്തൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version