/
15 മിനിറ്റ് വായിച്ചു

മഹിളകൾക്ക് കണ്ണൂരിൽ ആസ്ഥാന മന്ദിരത്തിന്​ തറക്കല്ലിട്ടു

തനിച്ചാകുന്നവർക്കും അതിക്രമം നേരിടുന്നവർക്കുമുള്ള ആശ്വാസകേന്ദ്രമായി സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന്‌ ഞായറാഴ്‌ച അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റ്​ പി.കെ. ശ്രീമതി ടീച്ചർ തറക്കല്ലിട്ടു. തളാപ്പ്‌ മിക്‌സഡ്‌ യു.പി സ്‌കൂളിനു സമീപം അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ്‌ മൂന്നുനില കെട്ടിടം നിർമിക്കുന്നത്‌. രാവിലെ നടന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്‍റ്​ സൂസൻ കോടി, നേതാക്കളായ എൻ. സുകന്യ, എം.വി. സരള, പി.പി. ദിവ്യ എന്നിവർ സംസാരിച്ചു. ജില്ല സക്രട്ടറി പി.കെ. ശ്യാമള ടീച്ചർ സ്വാഗതവും ജില്ല പ്രസിഡന്‍റ്​ കെ.പി.വി. പ്രീത നന്ദിയും പറഞ്ഞു.

വീടുകളിൽ അതിക്രമം നേരിടുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ എത്തിച്ചേരുന്നതിനും അവർക്ക്‌ നിയമസഹായം ലഭ്യമാക്കുന്നതിനും കൗൺസിലേഴ്‌സിനെ ഉൾപ്പെടെ ലഭ്യമാക്കി മുഴുവൻ സമയപ്രവർത്തനമാണ്‌ ഉദ്ദേശിക്കുന്നത്‌. സ്‌ത്രീകളുടെ ശാക്തീകരണത്തിനും അവർക്ക്‌ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുശീലാ ഗോപാലൻ മെമ്മോറിയൽ സൊസൈറ്റി ഫോർ വിമൻ എംപവർമെന്‍റ്​ ആൻഡ്‌ ചൈൽഡ്‌ പ്രൊട്ടക്ഷൻ എന്ന പേരിൽ സന്നദ്ധസംഘടനയ്‌ക്കു രൂപംനൽകിയിട്ടുണ്ട്‌. ഇതിന്‍റെ പേരിലാണ്‌ 11.45സെന്‍റ്​ സ്ഥലം വാങ്ങിയത്‌.
കെട്ടിട നിർമാണത്തിനായി അമ്പത്‌, നൂറ്‌, ഇരുനൂറ്‌ രൂപ കൂപ്പണുകളുമായി പ്രവർത്തകർ ജനങ്ങളിലേക്ക്‌ ഇറങ്ങുകയായിരുന്നു. ആഗസ്‌ത്‌ 20 മുതൽ 26 വരെയാണ്‌ 4000 യൂണിറ്റുകൾ ഫണ്ട്‌ പിരിവ്‌ നടത്തിയത്‌. ആദ്യകാല പ്രവർത്തകരുടെ കുടുംബാംഗങ്ങളും സംഘടനയോട്‌ ആത്മബന്ധമുള്ള നിരവധിപേരും സംഭാവന നൽകി.


ഒന്നാംനിലയിലാണ്​ ജില്ലാകമ്മിറ്റി ഓഫീസും വായനമുറിയും ഡൈനിങ് ഹാളും കൗൺസലിങ് ഹാളും. പഠനാവശ്യത്തിനും പരീക്ഷയ്‌ക്കും മറ്റുമായി ദൂരസ്ഥലങ്ങളിൽനിന്ന്‌ ജില്ലയിലെത്തുന്നവർക്ക്‌ സുരക്ഷിതമായി താമസിക്കാനുള്ള ഡോർമിറ്ററികളാണ്‌ രണ്ടാംനിലയിൽ. ട്രെയിനുകളിലും മറ്റും രാത്രി എത്തുന്ന സ്‌ത്രീകൾക്ക്‌ ഒരു ദിവസം തങ്ങാനുള്ള സൗകര്യവും ഒരുക്കും. 30 പേർക്കുള്ള മുറികളാണുണ്ടാവുക. മൂന്നാംനില മൾട്ടിപർപ്പസ്‌ കോൺഫറൻസ്‌ ഹാളാണ്‌. സൗജന്യ വൈഫൈ ഉൾപ്പെടെ നൽകി സ്‌ത്രീകൾക്ക്‌ തൊഴിലിടങ്ങളായും ഉപയോഗിക്കാം. ഐടി സംരംഭകർക്കും മറ്റും ഈ സ്ഥലം വിനിയോഗിക്കാനാകും. റൂഫ്‌ മഴമറ നിർമിച്ച്‌ വിശാലമായ പച്ചക്കറി കൃഷിക്ക്‌ സജ്ജമാക്കും. മതിയായ പാർക്കിങ്‌ സൗകര്യവുമുണ്ട്‌. തൻസിഹയാണ്‌ രൂപകൽപ്പന നിർവഹിച്ചത്‌. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version