കൊച്ചി> പൊലീസ് ഓഫീസറുടെ അന്വേഷണ മികവും എഴുത്തിലെ കയ്യടക്കവും കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിതന്നത് ഈ രണ്ട് വിജയമന്ത്രങ്ങൾ. ചരിത്രവും നരവംശശാസ്‌ത്രവും സാഹിത്യവും ശാസ്‌ത്രവും ഇഴചേർന്ന ‘മലയാളി– ഒരു ജനിതക വായന’ എന്ന പുസ്‌തകത്തിനാണ് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്. അവാർഡിനെ അപ്രതീക്ഷിത നേട്ടമാണെന്നാണ് കെ സേതുരാമൻ പ്രതികരിച്ചത്.
പൊലീസ് ഓഫീസറെന്ന നിലയിലുള്ള അന്വേഷണ പാടവം ഈ ഗ്രന്ഥരചനയ്‌ക്ക് ഏറെ മുതൽക്കൂട്ടായി. ഏക സമൂഹത്തിൽനിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതക പഠനങ്ങളുടെയും ചരിത്രതെളിവുകളുടെയും പിൻബലത്തോടെ പുസ്‌തകത്തിൽ അദ്ദേഹം സമർഥിക്കുന്നു. കേരളത്തിലെ ആദിമ കുടിയേറ്റംമുതൽ ആധുനിക സമൂഹരൂപീകരണം വരെയുള്ള സകല ചരിത്ര പ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ് 2020ൽ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം. ഒട്ടേറെ ഡിഎൻഎ പഠനങ്ങളുടെ പശ്‌ചാത്തലത്തിലായിരുന്നു പുസ്‌തക രചന.
കേരളത്തിൽ തോട്ടംതൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഐപിഎസ് ഓഫീസറാണ് ഔദ്യോഗിക തിരക്കുകൾക്കിടെ പുസ്‌തകമെഴുത്തിന് സമയം കണ്ടെത്തിയത്. മൂന്നാർ ചോലമല സ്വദേശി കെ സേതുരാമൻ ടാറ്റ ടീ പ്ലാന്റേഷനിൽ തൊഴിലാളികളായിരുന്ന കറുപ്പയ്യയുടെയും സുബ്ബമ്മാളിന്റെയും മകനാണ്. ചോലമലയിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു ആദ്യ പഠനം. തുടർന്ന് ഉദുമൽപേട്ടയിലെ അമരവതി നഗറിലെ സൈനിക് സ്‌കൂളിൽ. എൻജിനിയറിങ്ങിന് ചേർന്നെങ്കിലും അതുപേക്ഷിച്ച് സാമ്പത്തിക ശാസ്‌ത്രം പഠിക്കാൻ തലസ്ഥാനത്ത്.
യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ഇക്കണോമിക്‌സിൽ ബിഎയും എംഎയുമെടുത്തശേഷം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) എംഫിൽ പഠിച്ചു. ധനമന്ത്രി ടി എം തോമസ് ഐസക് അന്നവിടെ അധ്യാപകൻ. ‘ജനകീയാസൂത്രണത്തിൽ ഗോത്രവർഗത്തിന്റെ പങ്ക്’ എന്നതായിരുന്നു എംഫിൽ വിഷയം. ഇതിനിടെ സിവിൽ സർവീസ് മോഹം മനസ്സിൽ കൂടുകൂട്ടി.
2004ലാണ് കെ സേതുരാമൻ ഐപിഎസ് നേടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി, കണ്ണൂർ ഡിഐജി എന്ന നിലയിലും പ്രവർത്തിച്ചു. ജനുവരി ഒന്നിനാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറായി അദ്ദേഹം ചുമതലയേറ്റത്. ‘മലയാളത്തിന്റെ ഭാവി’ എന്ന പുസ്‌തകത്തിന് 2015ൽ സംസ്ഥാന സർക്കാരിന്റെ മികച്ച ഗ്രന്ഥരചന പുരസ്‌ക്കാരം ലഭിച്ചു. ഡോ. ഷീനയാണ് ഭാര്യ. വിദ്യാർഥികളായ സിദ്ധാർഥ്, ശ്യാം എന്നിവരാണ് മക്കൾ.