പാലക്കാട് | വിവാഹത്തിന് വധൂവരന്മാരുടെ തലകള്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
പല്ലശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹ ദിവസം പിന്നീലൂടെ എത്തിയ ഒരാള്‍ വധൂവരന്മാരുടെ തലകള്‍ കൂട്ടിയിടിപ്പിക്കുക ആയിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍ കൈവെക്കുന്നതും കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറി പൊകുന്നതും വിഡിയോയില്‍ കാണാം.
ആചാരമെന്ന് പറഞ്ഞ് നടന്ന ഈ അനാചാരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നും ഒരിക്കല്‍ വധു തല കറങ്ങി വീഴുന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.