/
11 മിനിറ്റ് വായിച്ചു

യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് ഭര്‍ത്താവ്

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപണം. കൊയിലാണ്ടി കൊല്ലം സില്‍ക്ക് ബസാറില്‍ കൊല്ലംവളപ്പില്‍ സുരേഷിന്‍റെ ഭാര്യ പ്രവിതയും മകള്‍ അനുഷ്‌കയുമാണ് ആത്മഹത്യ ചെയ്തത്. തന്‍റെ ബന്ധുക്കളുടെ പീഢനമാണ് ഭാര്യ മരിക്കാന്‍ കാരണമെന്ന് പ്രവിതയുടെ ഭര്‍ത്താവ് പറയുന്നു. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു പ്രദേശത്ത് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്‍റെ അമ്മയുടെ പെന്‍ഷന്‍ പണമായ 3 ലക്ഷം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ബന്ധുക്കള്‍ പ്രവിതയെ പീഡിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് മരിച്ച ശേഷം അവരുടെ പണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ പ്രവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തന്‍റെ സഹോദരിയും സഹോദരനും സഹോദരി പുത്രനും ഭാര്യയെ മാനസികമായി പീഡിപ്പിച്ചെന്ന് ഭര്‍ത്താവ് സുരേഷ് ആരോപിച്ചു. പ്രവിതയുടെ മരണ ശേഷം സഹോദരി മുറിയില്‍ കയറി ആത്മഹത്യ കുറിപ്പ് നശിപ്പിച്ചെന്നും സുരേഷ് പറഞ്ഞു.

നാടിനെ നടുക്കിയ ഈ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും.

കഴിഞ്ഞ മാസം 30നായിരുന്നു പ്രവിത മകളെയും കൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. കുഞ്ഞിനെയും കൊണ്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന കണ്ട ബന്ധുക്കളും പ്രവിതയെ തടഞ്ഞില്ല. ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന് നല്‍കാനായി അമ്മ തന്നെയാണ് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതെന്നും പ്രവിത സഹോദരനോട് പറഞ്ഞിരുന്നു. അതിന്‍റെ തെളിവ് ബാങ്കില്‍ നിന്നു ലഭിക്കുമായിരുന്നെന്നും അതന്വേഷിക്കാതെയാണ് പ്രവിതയെ ബന്ധുക്കള്‍ പീഡിപ്പിച്ചതെന്നുമാണ് ആരോപണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version