കണ്ണൂർ -: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ
സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്. സ്ത്രീകൾ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ രാജ്യത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരിമാരെ ഇത്തരം ക്രൂരതകൾക്ക് വിട്ടു കൊടുക്കേണ്ടിവന്നതിന് രാജ്യം മുഴുവൻ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്.
മണിപ്പൂരിൽ കുക്കി സമുദായാംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി വഴിയിലൂടെ നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ഉചിതമായ ശിക്ഷ നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും,
പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരുന്നിട്ടും മൗനം തുടരുന്ന ഭരണകൂടത്തിന്റെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും, മണിപ്പൂർ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണർന്ന് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്
കൊണ്ടും കേരള കാത്തലിക് യൂത്ത് മൂവ്മെന്റെ കണ്ണൂർ രൂപത സമിതിയുടെ നേത്യത്വത്തിൽ കണ്ണൂർ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി കാൾടെക്സ് ഗാന്ധി സർക്കിളിൽ ഒത്തുകൂടി പ്രാർത്ഥന സായാഹ്നം സംഘടിപ്പിച്ചു.
കേരള ലാറ്റിൻ കാത്തലിക് വൂമൺസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലി ഉത്ഘാടനം ചെയ്തു.
കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡണ്ട് സബിൻ കളത്തിൽ അധ്യക്ഷത വഹിച്ചു.
കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ഫെബിന ഫെലിക്സ് , ഗോഡ്സൺ ഡിക്രൂസ്, കെ.ബി സൈമൺ, ഫാ. മാർട്ടിൻ രായപ്പൻ ഫാ. തോംസൺ കൊറ്റിയത്ത്, ഫാ.പ്ലാറ്റോ സിസിൽവ , ആന്റണി നെറോണ , ചാൾസ് ഗിൽബർട്ട് , ജോബിൻ സുബാഷ്, ശ്രീജിൽ അൽഫോൺസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: – മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കെ ണ്ട് കണ്ണൂർ രൂപത കെ.സി.വൈ.എം.സംഘടപ്പിച്ച പ്രതിഷേധ സംഗമം കേരള ലാറ്റിൻ കാത്തലിക് വൂമൺസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലി ഉത്ഘാടനം ചെയ്യുന്നു.