//
34 മിനിറ്റ് വായിച്ചു

കണ്ണൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വരും ആഴ്ചകളിലും തുടരും;ഇതുവരെ പരിശോധിച്ചത് 100 ഹോട്ടലുകൾ

കണ്ണൂർ∙ കാസർകോട് ഷവർമ കഴിച്ചു വിദ്യാർഥി മരിച്ച സംഭവത്തെത്തുടർന്ന് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തുന്ന കർശന പരിശോധന വരും ആഴ്ചകളിലും തുടരും. ഇതുവരെ ജില്ലയിലെ 100 ഹോട്ടലുകളിലാണ് പരിശോധന പൂർത്തിയാക്കിയത്. ഇതിൽ 18 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഒട്ടേറെ സ്ഥാപനങ്ങൾക്കു ജില്ലയിൽ പിഴയോടു കൂടി നോട്ടിസ് നൽകി. അവധി ദിവസമായ ഇന്നലെ രാത്രി വൈകിയും ഉദ്യോഗസ്ഥർ പരിശോധന നടത്തി.കണ്ണൂർ കോർപറേഷൻ പരിധിയിലും തലശ്ശേരി–കൂത്തുപറമ്പ് മേഖലകളിലുമായിരുന്നു പരിശോധന. 20 വരെ കർശന പരിശോധന തുടരും. ഉച്ചയ്ക്കുശേഷം 2 മുതൽ രാത്രി 10–12 വരെയാണ് ഉദ്യോഗസ്ഥർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. ഷവർമ കടകൾ കൂടുതലും പ്രവർത്തിക്കുന്നത് വൈകുന്നേരമായതിനാലാണു പരിശോധന ഈ സമയത്തേക്കു ക്രമീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നുണ്ട്.

മാനദണ്ഡങ്ങൾ പാലിക്കുന്നില്ല

ജില്ലയിൽ ഷവർമ പോലുള്ള ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധന നടത്തിയ ഭൂരിഭാഗം സ്ഥാപനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ട്. ഷവർമ ഉണ്ടാക്കുന്നതിനാവശ്യമായ ചിക്കൻ വാങ്ങുന്നത് എവിടെ നിന്നാണെന്ന അംഗീകൃത ബിൽ സൂക്ഷിക്കേണ്ടതുണ്ട്. വാങ്ങി എത്ര സമയത്തിനുള്ളിൽ ഇറച്ചി മാരിനേറ്റ് ചെയ്യുന്നു, നീഡിലിലേക്കു മാറ്റുന്ന സമയം, വേവിന്റെ അളവ്, താപനില, തീനാളം എല്ലാഭാഗത്തും എത്തുന്നുണ്ടോ എന്നുറപ്പാക്കൽ തുടങ്ങി എല്ലാ ഘട്ടത്തിലും സമയ–താപനില മാനദണ്ഡങ്ങളുണ്ട്.

വൃത്തിഹീനം, ലൈസൻസുമില്ല

ജില്ലയിൽ അടച്ചുപൂട്ടാൻ നോട്ടിസ് നൽകിയത് 18 ഹോട്ടലുകൾക്കാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആഹാരം പാകം ചെയ്യുന്നതും ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ സ്ഥാപനങ്ങളും പൂട്ടിച്ചതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ സുരേഷ് കുമാർ പറഞ്ഞു. ഇന്നലെ മുണ്ടയാട് പ്രദേശത്ത് ഒരു ഹോട്ടലിന് അടച്ചുപൂട്ടൽ നോട്ടിസ് നൽകി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതിനാലാണ് കട അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനങ്ങളിൽ നിന്ന് പിഴയും ഈടാക്കുന്നുണ്ട്. നോൺവെജ് ആഹാരസാധനങ്ങൾക്കൊപ്പം വെജ് സാധനങ്ങൾ സൂക്ഷിച്ചതിനും നോട്ടിസ് നൽകിയിട്ടുണ്ട്.

ഷവർമ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക്

ഇന്നു മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്നു ഷവർമയുടെ സാംപിളുകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കും. ഈ സാംപിളുകൾ കോഴിക്കോട് ഭക്ഷ്യസുരക്ഷാ ലാബിൽ മൈക്രോബയോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും. അപകടകരമായ ബാക്ടീരിയാ സാന്നിധ്യം ജില്ലയിൽ വിൽക്കുന്ന ഷവർമയിൽ ഉണ്ടോയെന്നു വിശദമായി പരിശോധിക്കുന്നതിനായാണ് സാംപിളുകൾ എടുക്കുന്നത്.

സൂക്ഷിക്കുക പോക്കറ്റ് ഷവർമയെ

ജില്ലയിൽ പല മേഖലകളിലും പോക്കറ്റ് ഷവർമയുടെ വിൽപന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ കെ.വിനോദ്കുമാർ പറഞ്ഞു. ലൈസൻസ് ഇല്ലാതെ വീടുകളിലും ചെറു യൂണിറ്റുകളിലുമാണ് പോക്കറ്റ് ഷവർമ നിർമിക്കുന്നത്. രാവിലെയുണ്ടാക്കുന്ന ഇവ വൈകിട്ടാണ് പലപ്പോഴും വിൽപന നടത്തുന്നത്. ഇത്തരം ഷവർമ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഇവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര മണിക്കൂറാണ് ആഹാരസാധനങ്ങൾ കേടുകൂടാതെ ഇരിക്കുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം കേന്ദ്രങ്ങളിൽ പോക്കറ്റ് ഷവർമ ഉണ്ടാക്കുന്നവർക്കും വിൽപന നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് അധികൃതർ പറഞ്ഞു. അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിർമിക്കുന്ന ഇത്തരം ആഹാരസാധനങ്ങൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാകണമെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. അതുപോലെ മറ്റു ജില്ലകളിൽ നിന്ന് കൃത്യമായ താപനിലയും മറ്റു മാനദണ്ഡങ്ങളും പാലിക്കാതെ ഷവർമ ഉണ്ടാക്കി ജില്ലയിലേക്കു കൊണ്ടുവരുന്നതായി സംശയിക്കുന്നുണ്ടെന്നും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മീനിൽ അമോണിയയില്ല

ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്കിടയിലും ഓപ്പറേഷൻ മത്സ്യത്തിന്റെ ഭാഗമായി ജില്ലയിലെ മത്സ്യവിൽപനശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ഫോർമാലിൻ, അമോണിയ പോലുള്ള മാരക രാസപദാർഥങ്ങളുടെ സാന്നിധ്യം മീനിൽ കണ്ടെത്തിയതിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.

എന്നാൽ ഇതുവരെ ജില്ലയിൽ നടത്തിയ പരിശോധനയിൽ അമോണിയ, ഫോർമാലിൻ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഴകിയ മീൻ കണ്ടെത്തിയത് പിടിച്ചെടുത്ത് നശിപ്പിച്ചു കളഞ്ഞു. കേരളതീരത്ത് നിന്നുള്ള മീനിന്റെ ലഭ്യത വളരെ കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനാണ് ജില്ലയിലും കൂടുതലായി വിൽക്കുന്നത്. ഇതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടരും.

പരിമിതികൾക്കു നടുവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്

12 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ‌ ജില്ലയിൽ ആവശ്യമായിരിക്കെ നിലവിലുള്ളത് 4 പേർ മാത്രം. ഇവർ 2 സ്ക്വാഡുകളായി തിരിഞ്ഞാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. കോർപറേഷൻ പരിസരത്ത് കെ.സുരേഷ് കുമാർ, കെ.ബിന്ദുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡും തലശ്ശേരി, പാനൂർ പ്രദേശത്ത് വിജി വിൽസൺ, ഷോണിമ എന്നീ ഉദ്യോഗസ്ഥരുടെ സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്.വകുപ്പ് ഓഫിസിൽ ആവശ്യത്തിന് സപ്പോർട്ടിങ് സ്റ്റാഫുകളുമില്ല. മതിയായ വാഹനമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ജില്ലയിലേക്ക് 2 പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. സംസ്ഥാനത്താകെ ഈ പ്രതിസന്ധിയുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!