തൃശ്ശൂർ | വാഴക്കോടിൽ കാട്ടാനയെ കൊന്ന് കുഴിച്ചു മൂടി. റബർ തോട്ടത്തിൽ നിന്നാണ് രണ്ട് മാസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം പുറത്തെടുത്തു. ആനയുടെ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. സ്ഥലം ഉടമ ഒളിവിലാണ്. ആനവേട്ടയാണോ എന്ന് പരിശോധിക്കുമെന്ന് ഡി എഫ് ഒ ജയശങ്കർ പറഞ്ഞു.
വാഴക്കോട് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ജഡം കണ്ടെത്തിയത്. റോഡിനോട് ചേർന്നുള്ള വീടിന് പുറക് വശത്തെ റബർ തോട്ടത്തിൽ ആയിരുന്ന ജഡം. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. ഇതിനെത്തുടർന്ന് ജെസിബി എത്തിച്ച് പരിശോധ നടത്തിയപ്പോൾ ആയിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
പൂർണമായും അഴുകിയ നിലയിലായിരുന്നു ജഡം. രണ്ട് കൊമ്പ് പുറത്തേക്കെടുത്തു. ഇതിൽ ഒരു കൊമ്പിന്റെ പകുതി ഭാഗം മുറിച്ചു മാറ്റിയ നിലയിലാണ്.