//
22 മിനിറ്റ് വായിച്ചു

കൂട്ടുപുഴ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും

ഇരിട്ടി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തലശേരി – വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കേരള- കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് ഗതാഗത്തിന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ ഇത് മാറ്റിവെക്കുകയായിരുന്നു. ഇതേ പാതയിൽ നിർമ്മാണം പൂർത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പം 31ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം തുറക്കുക. സണ്ണിജോസഫ് എം.എൽ എ അധ്യക്ഷത വഹിക്കും. ഇതോടെ കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി – വളവുപാറ റോഡിൽ പണിത ഏഴു പാലങ്ങളും ഗതാഗതത്തിന് തുറന്നു കൊടുക്കപ്പെടും.കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിൽ (കെഎസ് ടിപി) പെടുത്തി 356 കോടിയുടെ തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണത്തിൽ നിരവധി പ്രതിസന്ധികളാണ് ഉടലെടുത്തത്. 90 മീറ്റർ നീളത്തിൽ അഞ്ചുതൂണുകളിലായി നിർക്കേണ്ട പാലത്തിന്റെ നിർമ്മാണ പ്രവർത്തി 2017 ഒക്ടോബറിൽ ആണ് തുടങ്ങുന്നത്. പാലത്തിന്റെ കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂണിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പുഴയുടെ മറുകര പൂർണ്ണമായും കർണ്ണാടക വനം വകുപ്പിന്റെ അധീനതയിലാണെന്നും മുൻകൂർ അനുമതി വാങ്ങിയില്ലെന്നും പറഞ്ഞ് കർണ്ണാടക വനം വകുപ്പ് നിർമ്മാണം തടഞ്ഞു. പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂർണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയാണ് അവർ ഈ വാദം ഉന്നയിച്ചത്. പലതട്ടിൽ ചർച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. മൂന്ന് വർഷം ഒരു പ്രവ്യത്തിയും നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയത്തിൽ പ്രശ്‌നമെത്തി. ചർച്ചകർക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23-നാണ് ദേശീയ വന്യജീവി ബോർഡിന്റെ അന്തിമാനുമതിയോടെയാണ് പാലം പണി പുരനാരംഭിക്കാൻ കഴിഞ്ഞത്.കർണ്ണാടക വനം വകുപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി നിർമ്മാണം പുനരാരംഭിച്ചപ്പോൾ കോവിഡ് വില്ലനായി. ആറുമാസംകൊണ്ട് തീർക്കേണ്ടപണി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയായത്.

പാലം പൂർത്തിയായി പുതുവർഷ ദിനത്തിൽ നിശ്ചയിച്ച ഉദ്ഘാടനവും പെട്ടെന്ന് റദ്ദാക്കേണ്ടി വന്നു. കർണ്ണാടക വനംകുപ്പിന്റെയും കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടേയും എതിർപ്പിനെ തുടർന്നാണ് ഇതെന്നാണ് പറയപ്പെടുന്നത്.ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പാലം എന്ന നിലയിലും നിർമ്മാണത്തിലെ പ്രതിസന്ധി തീർക്കാൻ കൂർഗ് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഉടപെടലുകൾ ഉണ്ടായിട്ടും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന പരാതി കർണ്ണാടകത്തിൽ നിന്നും ഉയർന്നിരുന്നു. പാലം നിർമ്മാണത്തിന് ദേശീയ വനം – വന്യജീവി ബോർഡിന്റെ അന്തിമ അനുമതിക്കൊപ്പം കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ട് വെച്ച ചില നിർദ്ദേശങ്ങളും അംഗീകരിച്ചു കൊണ്ടാണ് നിർത്തിവെച്ച പണി പുനരാരംഭിച്ചത്. നിർമ്മാണത്തിന് കർണ്ണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്‌പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെ എസ് ടി പിയും ഏകപക്ഷിയമായി ഉദ്ഘടാനം നടത്തുന്നതിലെ അതൃപ്തി വീരാജ് പേട്ട എംഎൽഎ ഓഫീസ് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. വനം വകുപ്പും സമാനരീതിയിലുള്ള എതിർപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതോടെയാണ് ഉദ്ഘാടനം പൊടുംന്നനെ റദ്ദാക്കിയത്. ഇക്കുറിയും കർണ്ണാടകയെ ക്ഷണിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. കോവിഡ് കാലമായതിനാൽ ലളിതമായ ചടങ്ങെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version