ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാകാത്തതിനാൽ ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്. കൊതുകു വളരാനുള്ള സാഹചര്യമൊരുക്കിയാൽ 10,000 രൂപവരെ പിഴയീടാക്കാവുന്ന കുറ്റം ചുമത്തുമെന്നാണു മുന്നറിയിപ്പ്. വീടുകൾ, സ്ഥാപനങ്ങൾ, തോട്ടമുടമകൾ, ആക്രിക്കച്ചവടക്കാർ എന്നിവർക്കെല്ലാം ഇതു ബാധകമാണ്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക, മലമ്പനി, വെസ്റ്റ് നൈൽ, ജപ്പാൻജ്വരം തുടങ്ങിയ പലരോഗങ്ങൾക്കും കാരണം കൊതുകാണ്. കൊതുകിനെ ഇല്ലാതാക്കാൻ ആഴ്ചതോറുമുള്ള ഉറവിടനാശനം നിർബന്ധമാണ്. വീടിൻ്റെ പരിസരത്തുള്ള പാഴ്‌വസ്തുക്കൾ, വലയിട്ടുമൂടാത്ത കിണർ, ടാങ്കുകൾ, ജലസസ്യങ്ങൾ വളർത്തുന്ന തൊടികൾ എന്നിവിടങ്ങളിൽ കൊതുകു വളരാനുള്ള സാഹചര്യമുണ്ടായാൽ നടപടി നേരിടേണ്ടിവരും. കൊതുകു വളരുന്ന സാഹചര്യം ഉണ്ടായാൽ പൊതുജനാരോഗ്യ നിയമ പ്രകാരം പതിനായിരം രൂപ വരെ പിഴയീടാക്കാവുന്ന കുറ്റകൃത്യമാണ്