/
16 മിനിറ്റ് വായിച്ചു

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം

നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിന തടവും, 1,25,000 രൂപ പിഴയും വിധിച്ച് കോടതി.പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനിൽ സനൽ കുമാർ (45) നെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. 2013 ൽ 14 വയസുള്ള പെൺകുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് കളമശ്ശേരി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയേയും പെൺകുട്ടിയെയും നാല് ദിവസത്തിനു ശേഷം കണ്ടെത്തുകയായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു.പിന്നീട് മരട് പൊലീസ് രജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പ് കേസ്സിൽ റിമാൻഡിലാകുന്ന സമയത്താണ് ഇയാൾ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുമായി പരിചയപ്പെടുന്നത്. സുനി ദിലീപിനെ വിളിച്ച മൊബൈൽ ഒളിപ്പിക്കുന്നതിനായി സഹായിച്ചത് സനൽ കുമാറാണ്. പിന്നീട് പ്രതിയുടെ വീട്ടിൽ നിന്ന് പൾസർ സുനി ദിലീപിനെ വിളിച്ച മൊബൈൽഫോൺ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാളെ നടിയെ ആക്രമിച്ച കേസ്സിൽ 9-ാം പ്രതിയാക്കപ്പെട്ടുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവിൽ പോകുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് 2019 ൽ ഇയാളെ അറസ്സ് ചെയ്യുന്നത്.പോക്സോ കോടതിയിൽ നിന്നുള്ള വാറണ്ടിനെ തുടർന്ന് വിചാരണയ്ക്കായി പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രതി ഒളിവിൽ പോയതിനാൽ വിചാരണ ഏഴുവർഷം വൈകിയാണ് ആരംഭിച്ചത്. കേസിൽ 9 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 14 രേഖകളും നാല് തൊണ്ടി മുതലുകളും കോടതി മുൻപാകെ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാനിയമപ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പത്തു വർഷം കഠിനതടവും 25000 രൂപ പിഴയും, ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കൃത്യം നടത്തിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുള്ള ശിക്ഷയായി പത്തു വർഷത്തെ കഠിന തടവ് അനുഭവിച്ച ശേഷം മാത്രമേ ബലാത്സം​ഗത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ എന്ന് കോടതി പ്രത്യേകം പരാമർശിക്കുന്നുണ്ട്. പ്രതിയിൽ നിന്ന് ഇടാക്കുന്ന പിഴ തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. കളമശ്ശേരി എസ് ഐ ആയിരുന്നു എംബി ലത്തീഫാണ് കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version