തലയോലപ്പറമ്പ് > വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽവേ പാലത്തിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാളെയാണ് മൂവാറ്റുപുഴയാറിലേക്ക് തെറിച്ചുവീണ് കാണാതായത്. വെള്ളൂർ റെയിൽവേ മേൽപ്പാലത്തിലൂടെ പരശുറാം എക്സ്പ്രസ് കടന്നുപോകവേ ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്.
പുഴയിലേക്ക് വീണ യാത്രക്കാരൻ കുറച്ച് നീന്തിയെങ്കിലും പിന്നീട് മുങ്ങി പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വൈക്കം കടത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നും സ്കൂബ ടീം എത്തി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. യാത്രക്കാരനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.