കണ്ണൂർ- തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ ഉയരം ഒരു മീറ്റർ ഉയർത്തുക , അല്ലെങ്കിൽ നടാൽ ഒ കെ യൂ പി സ്കൂളിന് സമീപം അടിപാത നിർമ്മിക്കുക എന്ന ആവശ്യം എൻ എച്ച് എ ഐ ക്ക് ശുപാർശയായി നല്കുന്നതിന് യോഗം തീരുമാനിച്ചു.
ഈ ഭാഗത്തേക്ക് വരുന്ന ബസുകളുടെ സഞ്ചാരത്തെ തടയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും എൻ എച്ച് എ ഐയോട് യോഗം ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 50 ഓളം സ്വകാര്യ ബസുകളുടെ സമരം തത്ക്കാലത്തേക്ക് മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് 30 മുതലാണ് സമരം ആരംഭിച്ചത്.
യോഗത്തിൽ എൻ എച്ച് എ ഐ പ്രജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂനിറ്റ് കണ്ണൂർ സൈറ്റ് എൻജീനിയർ ഹർകേഷ് മീണ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ , സമര സമിതി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.