നിങ്ങൾ ഉൽക്കണ്ഠയോടുകൂടി പ്രതീക്ഷിച്ചിരുന്ന ഉദ്ഘാടന മഹാമഹം…നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. സോമന്‍റെ സുപ്രസിദ്ധ നാടകം. ഡിസംബർ ആറാം തീയതി ശനിയാഴ്ച രാത്രി ഒമ്പതിന് ചവറ തട്ടാശേരി സുദർശന തിയറ്ററിൽ…നടീ നടന്മാർ… പതിനായിരങ്ങളെ പ്രചോദിതരാക്കിയ നാടകത്തിന്‍റെ ആദ്യ പ്രദർശനത്തിന്‍റെ നോട്ടീസ് ഇങ്ങനെയാണ്. അരങ്ങിൽനിന്ന് അരങ്ങിലേക്ക്, ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്‍റെ ആദ്യപ്രദർശനം നടന്നിട്ട് ചൊവ്വാഴ്ച 70 വർഷം തികയുന്നു.
1952 ഡിസംബർ ആറിനായിരുന്നു കെ.പി.എ.സിയുടെ രണ്ടാമത്തെ നാടകമായ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ചവറ സുദർശന ടാക്കീസിൽ അരങ്ങേറിയത്. അന്നത്തെ യുവതലമുറയുടെ ഹരമായിരുന്ന ഡി.എം പൊറ്റക്കാടായിരുന്നു ഉദ്ഘാടനം. പാട്ടും അഭിനയവും വാദ്യമേളങ്ങളും ചേർന്ന് ഒരു സംഗീതസദ്യയായിരുന്നു കാഴ്ചവച്ചതെന്ന് കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്‍റ് ജി. ജനാർദനക്കുറുപ്പ് ‘എന്‍റെ ജീവിതം’ എന്ന ആത്മകഥയിൽ ആദ്യ അവതരണത്തെക്കുറിച്ച് പറയുന്നു. ഒളിവിൽ കഴിയുകയായിരുന്ന തോപ്പിൽ ഭാസി സോമൻ എന്നപേരിലാണ് നാടകമെഴുതിയത്. നാടകം എൻ. രാജഗോപാലൻ നായരും ജി. ജനാർദനക്കുറുപ്പുമാണ് സംവിധാനംചെയ്തത്.
കേശവൻനായരെന്ന ജന്മിയുടെ വേഷം ചെയ്തതും ജനാർദനക്കുറുപ്പാ യിയിരുന്നു. കാമ്പിശ്ശേരി കരുണാകരൻ, ഒ. മാധവൻ, തോപ്പിൽ കൃഷ്ണപിള്ള, സുധർമ തുടങ്ങിയവരാണ് വേഷങ്ങൾ അതുല്യമാക്കിയത്. ഒ.എൻ.വിയുടെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി. കെ.എസ്. ജോർജും സുലോചനയുമാണ് ഗായകർ. ‘പത്തുനാൽപ്പത് നാടകങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ നാടാകെ ഇളക്കിമറിച്ചു. അതുവരെ കാപാലികന്മാരെന്ന് കരുതപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാർ കലാകാരന്മാരായി രൂപാന്തരപ്പെട്ടു. കർഷകത്തൊഴിലാളികളും ആ നാടകത്തെ അവരുടെ സ്വന്തം ജീവിതമായി കണ്ടെത്തി. അധ്വാനിക്കുന്ന വർഗബഹുജനങ്ങളുടെ സംഘടിതശക്തി ഉജ്വലമായി ഉണർന്നു പ്രവർത്തിച്ചു’-ജനാർദനക്കുറുപ്പ് എഴുതി.