മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് കോൺഗ്രസിന്റെ പ്രതിഷേധം. വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും.സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കോടതിയിൽ രഹസ്യ മൊഴി നൽകി പുറത്തേക്ക് വരുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയും, ഭാര്യയും, മകളും ഉൾപ്പെടെയുളളവർ സ്വർണക്കടത്തിൽ പങ്കാളികളാണെന്ന് സ്വപ്ന തുറന്നടിച്ചു. ഇതോടെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.