പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഭൂമി കോണ്‍ഗ്രസ് നേതാക്കള്‍ കോളേജ് നിർമിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്‍റെ പേരില്‍ ഇരിട്ടിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബം നടത്തുന്ന സമരം കോണ്‍ഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ഭൂമിയിടപാട് സംബന്ധിച്ച് കോടതിയില്‍ കേസുണ്ടായിരുന്നുവെന്നും അത് ഒത്ത് തീര്‍ക്കുന്നതിന്‍റെ ഭാഗമായി അഞ്ചേക്കര്‍ സ്ഥലം സൗജന്യമായി തങ്ങള്‍ വാങ്ങിയെന്നും പത്ത് സെന്‍റ് സ്മാരകം നിർമിക്കാന്‍ വേറെയും ദാനമായി വാങ്ങിയെന്നും ശേഷിച്ച നാലേക്കര്‍ കുടുംബത്തിന് നല്‍കിയെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. കിട്ടിയ അഞ്ചേക്കറിലെ ഒരേക്കര്‍ സ്ഥലത്തെ ചെങ്കല്ല് കോളേജ് നിര്‍മിക്കുന്നതിന് വെട്ടിയെന്നും 40 ലക്ഷം രൂപ മുടക്കി കോളേജിന് വേണ്ടി നിര്‍മാണം നടത്തിയെന്നുമാണ് മണ്ഡലം പ്രസിഡന്‍റ് പറയുന്നത്. ഇത് തന്നെയാണ് ഭൂമി അന്യാധീനപ്പെട്ട കുടുംബത്തിന്‍റെയും പരാതി. കോളേജിന് വേണ്ടി നല്‍കിയ ഭൂമിയില്‍ ചെങ്കല്‍ ഖനനം നടത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ ചാലയിലെ കെ.കെ. രാമചന്ദ്രനും സഹോദരങ്ങളുമടങ്ങിയ കുടുംബം സമരമാരംഭിച്ചത്.
എത്ര ഏക്കറില്‍ കല്ല് കൊത്തിയെന്നതല്ല, മറിച്ച് കോളേജിന് വേണ്ടി വാങ്ങിയ സ്ഥലത്ത് കല്ല് കൊത്തി വിൽപന നടത്തി പണം നേടിയെന്ന് വ്യക്തം. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഈ വിഷയം പരിഹരിക്കാന്‍ സണ്ണിജോസഫ് എം.എൽ.എയോട് ആവശ്യപ്പെട്ടുവെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ.എ വിഷയം പരിഹരിച്ചില്ല എന്ന് കുടുംബം പറയുന്നതിലും വസ്തുതയുണ്ട് എന്നും ഇതോടെ തെളിഞ്ഞു. രാമചന്ദ്രനും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ മുന്‍കൈയെടുക്കണമെന്ന് എം.വി. ജയരാജന്‍ ആവശ്യപ്പെട്ടു.