ചങ്ങനാശേരി > നീന്തുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജുവിൻ്റെ മകൻ ആദിത്യൻ ബിജു (18) ആണ് മുങ്ങി മരിച്ചത്. തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. തൃക്കൊടിത്താനം ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ആദിത്യൻ. നീന്തുന്നതിനിടയിൽ കൈ കുഴഞ്ഞതാവാം മരണ കാരണമെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയാണ് സംഭവം.
കുളത്തിൽ നീന്തുന്നതിനിടയിൽ മുങ്ങിത്താണപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് കുളത്തിന് സമീപം താമസിക്കുന്നവർ കുളത്തിൽ പരിശോധന നടത്തിയെങ്കിലും ഫലവത്തായില്ല. പിന്നീട് കൂടുതൽ നാട്ടുകാരും ഫയർ ഫോഴ്സും തൃക്കൊടിത്താനം പൊലീസും സ്ഥലത്തെത്തുകയും കുളത്തിൽ പരിശോധന നടത്തുകയും ചെയ്തതോടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം ലഭിച്ചത്. അമ്മ സുനിത. സഹോദരൻ ആരോമൽ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വെള്ളിയാഴ്ച വൈകിട്ട് വീട്ടു വളപ്പിൽ സംസ്കരിക്കും.