സുപ്രീംകോടതിയും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സുപ്രീംകോടതി ജാമ്യ– പൊതു താൽപര്യ ഹർജികൾ പരിഗണിച്ച് സമയം പാഴാക്കരുതെന്ന നിയമമന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്‌താവനയ്ക്ക് വ്യക്തിസ്വാതന്ത്ര്യം വെല്ലുവിളി നേരിടുമ്പോൾ നോക്കിയിരിക്കാനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മറുപടി നൽകിയിരുന്നു.
ഒരു കേസും ചെറുതല്ലെന്നും ഓർമിപ്പിച്ച ചീഫ് ജസ്‌റ്റിസ് ശനിയാഴ്‌ച മുൻ അറ്റോർണിജനറൽ അശോക്‌ദേശായിയുടെ സ്‌മരണാർഥമുള്ള പ്രഭാഷണത്തിലും നിലപാട് ആവർത്തിച്ചു. ‘പൗരരുടെ വ്യക്തിസ്വാതന്ത്ര്യം എന്ത് വില കൊടുത്തും കോടതി സംരക്ഷിക്കും. ആ കാര്യത്തിൽ ഞങ്ങളെ ഉറച്ചുവിശ്വസിക്കാം. ജനങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ട്’- അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഭീമാ കൊറേഗാവ് പ്രതികൾക്ക് ആശ്വാസംനൽകിയ സുപ്രീംകോടതി ഇടപെടലുകൾ കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിനെതിരായ ഹർജികൾ തള്ളണമെന്ന ആവശ്യം നിരസിച്ചതും രാജ്യദ്രോഹക്കുറ്റത്തിന്‍റെ ഉപയോഗം മരവിപ്പിച്ചതും സർക്കാരിന് തിരിച്ചടിയായി. ഇതോടെയാണ് ജഡ്‌ജി നിയമനങ്ങളിൽ ഇടപെട്ട് സുപ്രീംകോടതിയെ നിയന്ത്രിക്കാനുള്ള നീക്കം തുടങ്ങിയത്.
കൊളീജിയം സംവിധാനത്തിനെതിരെ നിയമമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പടെ രംഗത്തെത്തി. സംവിധാനം രാജ്യത്തിന്‍റെ നിയമമാണെന്നും കേന്ദ്രസർക്കാർ അത് പാലിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ വിമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും കോടതി താക്കീത് നൽകി.
എന്നാൽ, പിൻമാറാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുന്ന പ്രസ്‌താവനകളാണ് നിയമമന്ത്രി പാർലമെന്‍റിൽ നടത്തിയത്. വരുംദിവസങ്ങളിൽ ഭിന്നത കൂടുതൽ രൂക്ഷമാകാനിടയുണ്ട്.