കണ്ണൂർ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സമാന ചിന്താഗതിക്കാരായ സംഘടനകളുടെ പിന്തുണ നേടുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ പ്രൊമോഷൻ ടീം വിദ്യാർത്ഥികൾക്കായി വിപുലമായ പെയിൻ്റിംഗ് (വാട്ടർ കളർ)/ ഡിജിറ്റൽ ആർട്ട് മത്സരം സംഘടിപ്പിച്ചു. കണ്ണൂർ താവക്കര യു. പി. സ്കൂളിൽ നടന്ന ചിത്രരചന മത്സരം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത 75 ലധികം വിദ്യാർഥികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും അവയുടെ ദുരന്തങ്ങളും തങ്ങളുടെ കലയിലൂടെ പ്രതിഫലിപ്പിക്കുകയും സമാധാന പൂർണ്ണമായ ലോകമെന്ന ആശയത്തെ പിന്തുണക്കുകയും ചെയ്തു. യുദ്ധ മുക്ത ലോകം, സംഘഷ രഹിത സമൂഹം എന്നതായിരുന്നു മത്സരത്തിൻ്റെ ആശയം.
ചടങ്ങിൽ ആർട്ടിസ്റ്റ് ശശികല അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർമാരായ പി.കെ പ്രേമരാജൻ, പ്രദീപൻ മഠത്തിൽ, മഹാത്മാ മന്ദിരം പ്രസിഡൻ്റ് ഇ.വി.ജി. നമ്പ്യാർ, സി.കെ. ബാബു, പി.ബൈജു എന്നിവർ സംസാരിച്ചു.