കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായിരിക്കുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകസംഘടനകളുടെ അവകാശപത്രിക അംഗീകരിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര നികുതി കുറയ്ക്കുക, തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെ ഉള്ള തൊഴിലാളി സംഘടനകളും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത വേദിയും സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വ്യവസായമേഖല , വൈദ്യുതി, കല്‍ക്കരി, ബാങ്ക്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, തുറമുഖങ്ങള്‍, നിര്‍മാണം, അസംഘടിതമേഖല തുടങ്ങിയ രംഗങ്ങളിലെയെല്ലാം തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകും. അവശ്യസേവനങ്ങളെയും വിദേശ ടൂറിസ്റ്റ് കളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.