ബോസ്റ്റൺ > തകർന്ന ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാനായ ടൈറ്റൻ പേടകം യാത്രയ്‌ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജൂൺ 18 നായിരുന്നു അപകടം. പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചെന്ന് കണക്കാക്കുന്നതായി യുഎസ് കോസ്റ്റ് ഗാർഡും ടൈറ്റന്റെ നിർമാതാക്കളായ ഓഷ്യൻ ഗേറ്റും അറിയിച്ചിരുന്നു.
കടലിനടിയിലുണ്ടായ ശക്തമായ മർദത്തെത്തുടർന്നാണ് ടൈറ്റൻ പൊട്ടിത്തെറിച്ചതെന്നാണ് അധികൃതരുടെ നിഗമനം. ഓഷ്യൻഗേറ്റ് എക്‌സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്ര തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ പേടകം തകർന്നുവെന്നാണ് കരുതുന്നത്. അന്വേഷണത്തിൽ ടൈറ്റാനിക്കിന്റെ സമീപത്തായി തന്നെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോൾ കരയ്ക്കെത്തിച്ചത്.
കറാച്ചി ആസ്ഥാനമായ വമ്പൻ ബിസിനസ് ഗ്രൂപ്പ് ‘എൻഗ്രോ’യുടെ ഉടമ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്, ഓഷ്യൻ ഗേറ്റ് സിഇഒ സ്‌റ്റോക്‌ടൺ റഷ് എന്നിവരാണ് ടൈറ്റനിൽ ഉണ്ടായിരുന്നത്.