ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് താഴേക്ക് ചാടി. തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസ്സുകാരിയായ യുവതി ഓഫീസിലെത്തി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ യുവതി ടവറില്‍ വലിഞ്ഞുകയറുന്നതാണ് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ കണ്ടത്. കൈയ്യില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചത് പ്രകാരം പൊലീസും അഗ്നിരക്ഷാ സേനയും എത്തി ടവറിന് ചുറ്റും വലവിരിച്ചു.എന്നാല്‍ ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകി. ഇളകിയെത്തിയ കടന്നല്‍കൂട്ടം യുവതിയെ പൊതിഞ്ഞു.നിവര്‍ത്തിയില്ലാതെ യുവതി വലയിലേക്ക് ചാടി. യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.യുവതിയുടെ കൈയില്‍നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. തമിഴ്‌നാട് വില്ലുപുരം മേട്ടു സ്വദേശിനിയായ യുവതി ഇപ്പോള്‍ ചാരുംമൂട്ടില്‍ കൂട്ടുകാരിയോടൊപ്പമാണ് താമസം. ഏപ്രില്‍ 13ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൈയില്‍ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയിലുണ്ട്.