വെണ്ണിയോട് > പ്രാർഥനയും കാത്തിരിപ്പും വിഫലം. മകളുമായി വെണ്ണിയോട് പുഴയില്‍ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. കാണാതായ മകള്‍ ദക്ഷയെ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. വ്യാഴം രാത്രി തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഒരു നാട് മുഴുവന്‍ പ്രാർഥനയിലായിരുന്നു. വെള്ളി രാവിലെ 8.30 മുതൽ തിരച്ചിൽ പുനരാരംഭിച്ചു. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, ബ്രേവ് എമർജൻസി ടീം പിണങ്ങോട്, പൾസ് എമർജൻസി ടീം കേരള, തുർക്കി ജീവൻ രക്ഷാസമിതി, പനമരം ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരെല്ലാം തിരച്ചിലിൽ പങ്കാളികളായി.
ചാടിയിടത്തുനിന്ന് ഒരു കിലോമീറ്റർ അകലെ നെറ്റ് വിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് കിലോമീറ്റർ പരിധിയില്‍ തിരച്ചിൽ നടത്തി. പകൽ മൂന്നോടെ ശക്തമായ മഴ പെയ്തതിനാല്‍ അൽപ്പനേരം തിരച്ചിൽ നിർത്തിവച്ചു. മഴ പെയ്യുന്നതിനാൽ പുഴയിലെ ഒഴുക്ക് വർധിക്കുന്നുണ്ട്. ജലനിരപ്പും ഉയരുന്നുണ്ട്. വൈകിട്ട് ആറോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ടി സിദ്ദിഖ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശനിയാഴ്ചയും തിരച്ചിൽ തുടരും. പാത്തിക്കല്‍ പാലത്തില്‍നിന്ന് വ്യാഴം പകൽ മൂന്നരയോടെയാണ് മകളുമായി യുവതി പുഴയിലേക്ക് ചാടിയത്