മോഷ്ടിച്ച ബാഗിലെ പണം കവര്‍ന്നെടുത്ത ശേഷം വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച് കള്ളന്. കാസര്‍കോട് പുല്ലൂരിലാണ് സംഭവം. പുല്ലൂര്‍ പൊള്ളകടയിലെ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് കവര്‍ച്ചക്കിരയായത്.കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവ് പഴം ചോദിച്ചെത്തിയത്. പഴം തൂക്കി നല്കുന്ന തിരക്കിലായിരുന്നു ഗോവിന്ദന്.
ആ സമയത്ത് മോഷ്ടാവ് സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത് കാസര്‍കോട് ഭാഗത്തേക്ക് അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചു പോയി. ഗോവിന്ദന്റെ 4,800 രൂപയും പുതിയ വീടിന്റെ താക്കോലും രേഖകളും അടങ്ങിയ ബാഗാണ് കവര്‍ന്നത്.
ബാഗ് നഷ്ടമായെന്ന് മനസിലായ ഗോവിന്ദന് സുഹൃത്തുക്കളെയും പൊതു പ്രവര്‍ത്തകരെയും വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദ്യശ്യങ്ങള്‍ പൊലീസും നാട്ടുകാരും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു.എന്നാല്‍ പണവും രേഖകളും നഷ്ടപ്പെട്ട പിറ്റേദിവസം കടയിലെത്തിയ ഗോവിന്ദന് കണ്ടത് വാതില്‍ പിടിയില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്.
മോഷ്ടിക്കപ്പെട്ട ബാഗും രേഖകളുമായിരുന്നു അതില്‍. രാവിലെ പത്തരയോടെ രണ്ടു പേര് കടയില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടു ദൃശ്യങ്ങളും ലഭിച്ചതോടെ അമ്പലത്തറ പൊലീസിന്റെ അന്വേഷണം പുരോഗിമിക്കുകയാണ്.