/
10 മിനിറ്റ് വായിച്ചു

അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം; ചില്ലറ മാറാനുള്ള ശ്രമത്തിനിടയില്‍ പിടിയില്‍

അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷാണ് (43)പിടിയിലായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇയാള്‍ മോഷണം നടത്തിയത്.ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപരസ്ഥാപനങ്ങളില്‍ മാറി നോട്ടുകള്‍ ആക്കുന്നതാണ് ഇയാളുടെ പതിവ്.
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സംശയം തോന്നി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബാഗില്‍ നിന്നും പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണവും ബൈക്കുകളുടെ താക്കോലും പൊലീസ് കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ പല ക്ഷേത്രങ്ങളില്‍ നിന്നും മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു.

20 വര്‍ഷമായി മോഷണം നടത്തുന്ന ഇയാള്‍ പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2022 ജൂലായ് 17ല ന് പെരിന്തല്‍മണ്ണ സബ് ജയില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ 30 ലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

മലപ്പുറം ജില്ലയില്‍ 17, കോഴിക്കോട് ഒന്‍പത്, തൃശൂര്‍ എട്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെ കേസുകള്‍ ഉണ്ട്. മോഷണം നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്. സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവ് ആണെന്ന് വിശ്വസിപ്പിച്ചാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്. പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.

കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍, സ്‌പെഷല്‍ ടീം അംഗങ്ങളായ എസ്.ഐ സജിമോന്‍ ജോസഫ്, എസ്‌സിപിഒമാരായ പിജെ സിനോജ്, ടോണി ജോണ്‍, സിപിഒ വികെ അനീഷ് എന്നിവരുടെ നേതൃത്തിലായിരുന്നു അറസ്റ്റ്. തുടരന്വേഷണം കട്ടപ്പന എസ്എച്ച്ഒ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ ദിലീപ് കുമാര്‍ എന്നിവര്‍ക്കാണ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version