കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് കെ റെയില്‍ സര്‍വ്വേ കല്ലിടല്‍ ഇല്ല. സാങ്കേതിക കാരണങ്ങളാലാണ് സര്‍വ്വേ കല്ലിടല്‍ നിര്‍ത്തിവെച്ചതെന്നും നടപടി ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യന്ത്രതകരാറും വാഹനവുമായി ബന്ധപ്പെട്ട പ്രശ്‌നവുമാണ് സാങ്കേതിക തകരാറായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. കല്ലിടലിനെതിരെ കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എടക്കാട്, മുഴപ്പിലങ്ങാട് മേഖലയിലായിരുന്നു പ്രതിഷേധം. കെ റെയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ ഇട്ട കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. നടാലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റമുണ്ടായിരുന്നു.ഇന്നലെ രാവിലെ നടാലില്‍ സര്‍വേ നടപടികള്‍ പോലീസ് സംരക്ഷണയില്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാട്ടുകാര്‍ ഉള്‍പ്പടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.പ്രതിഷേധത്തിനിടെ സി പിഐ എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ച് എത്തുകയും പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.