എളയാവൂർ സി.എച്ച്.സെന്ററിന്റെ അകത്തളങ്ങളിൽ ഇനി ഇത്താ… എന്ന വിളിയില്ല. ഈ നീട്ടി വിളിയുടെ ഉടമ എല്ലാവരുടെയും വാസുവേട്ടൻ യാത്രയായി…. മറ്റൊരു ലോകത്തേക്ക്. 13 വർഷമായി സി.എച്ച്. സെന്ററിന്റെ ദിനരാത്രങ്ങൾക്കൊപ്പം ജീവിച്ച വാസുവേട്ടന്റെ വേർപാട് നൊമ്പരപ്പെടുത്തുന്ന അനുഭവമായി അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും.
ഇവിടെയുള്ളവർക്കും ഇവിടം സന്ദർശിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട വാസുവേട്ടന് അന്ത്യയാത്ര നൽകിയ വേള ഏവരേയും സങ്കടപ്പെടുത്തുന്നതായി.
കഴിഞ്ഞ പതിമൂന്ന് വർഷത്തോളമായി കണ്ണൂർ മമ്പറം കീഴത്തൂർ സ്വദേശി വാസുവേട്ടൻ എളയാവൂർ സി.എച്ച് സെന്ററിലെ അന്തേവാസിയായിരുന്നു. മമ്പറക്കാർ പ്രിയത്തോടെ പൊക്കൻ എന്നാണ് അദ്ദേഹത്തേ വിളിക്കാറുള്ളതെങ്കിലും വളരെ പൊക്കം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
എളയാവൂർ സി.എച്ച്.സെന്റർ കണ്ണൂർ പടന്നപ്പാലത്ത് സി.എച്ച്. ഹോസ്പിറ്റൽ ഏറ്റെടുത്ത് നടത്തുന്ന വേളയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ സംവിധാനം തുടങ്ങിയത് മുതൽ വാസുവേട്ടൻ അവിടെ അന്തേവാസിയാണ്. പിന്നീട് ആ സാന്ത്വന പരിചരണ കേന്ദ്രം എളയാവൂരിലേക്ക് മാറ്റിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ കൂടെ പടന്നപ്പാലത്ത് കഴിഞ്ഞവരും എളയാവൂരിലേക്ക് മാറുകയായിരുന്നു. ശാരീരിക വൈകല്യം കൊണ്ട് എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കിടപ്പു രോഗിയായിട്ടാണ് അദ്ദേഹം ഇവിടെ ജീവിച്ചത്. വാസുവേട്ടന്റെ എല്ലാ കാര്യങ്ങളും ഒരു മകളെ പോലെ പരിചരിച്ചത് സെൻററിലെ പ്രധാന പരിചാരിക ജമീഷയായിരുന്നു. എന്നാൽ വാസുവേട്ടന് അവൾ ഇത്തയാണ്. ഊട്ടാനും ഉറക്കാനും തലോടാനും വാസുവേട്ടന് ഇത്തയെതന്നെ വേണം. ഇത്താ എന്നൊരു വിളി കേട്ടൽ ജമീഷ എവിടെയായാലും വാസുവേട്ടന്റെ അരികിലേക്ക് ഓടിയെത്തും. ഇത് എല്ലാവരുടെയും മനം കുളിർക്കുന്ന കാഴ്ചയാണ്. ഇതൊരു ജമീഷയുടെ മാത്രം അനുഭവമല്ല. വാസുവേട്ടന്റെ പെട്ടെന്നുള്ള മരണത്തിൽ വേദനിക്കുന്ന പലരിൽ പ്രധാനിയായി മറ്റൊരാളും കൂടെയുണ്ട് സി.എച്ച്.സെന്ററിന്റെ അകത്തളത്തിൽ ടുട്ടു എന്ന് വിളിക്കുന്ന അംഗവൈകല്യമുള്ള മറ്റൊരു മനുഷ്യ സ്നേഹിയായ സുലൈമാൻ. വാസുവേട്ടനും, സുലൈമാനും, അഷ്റഫ്ക്കയും, മേരിയമ്മയും, രാമചന്ദ്രേട്ടനും, ഖദീജുമ്മയും, ജാനകിയമ്മയും, നാരായണിയമ്മയും, അലിയുപ്പയുമാണ് പടന്നപ്പാലത്തു നിന്നും എളയാവൂരിലേക്ക് വന്നത്. ഇവരിൽ അഷ്റഫ്ക്കയും, ഖദീജുമ്മയും, സുലൈമാനിക്കയും വാസുവേട്ടനുമാണ് ഇന്നലെവരെ ഇവിടെ കഴിഞ്ഞു വന്നത്. മറ്റുള്ളവർ നേരത്തെ ദൈവത്തിന്റെ വിളിക്കുത്തരമേകി വിടവാങ്ങിയിരുന്നു.
ഏതൊരാളും സി.എച്ച്.സെന്ററിന്റെ സാന്ത്വന കേന്ദ്രത്തിൽ കടന്നു വരുമ്പോൾ സന്ദർശകരെ ചിരിച്ചു കൊണ്ട് കട്ടിലിൽ കിടന്ന് സലാം ചൊല്ലി സ്വീകരിക്കുകയും സ്ഥല വിവിരം അന്വേഷിക്കുകയും കുശലം പറയുകയും കുട്ടികളെ അടുത്തിരുത്തി പാട്ടു പാടിപ്പിക്കുകയും പാട്ടുപാടി കൊടുക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു വാസുവേട്ടൻ. ഇവിടെ എല്ലാവരുടെയും ഒരു കാരണവരായിരുന്നു അദ്ദേഹം.
നീണ്ട പതിമൂന്ന് വർഷം സി.എച്ച്.സെന്ററിന്റെ കാരുണ്യ ഭവനത്തിൽ തന്റെ വേദനകൾ മറന്ന് മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ടും സ്നേഹം പകർന്നു കൊണ്ടും ജീവിച്ച ചെറിയ മനുഷ്യനാണെങ്കിലും വലിയ മനുഷ്യനായ വാസുവേട്ടന് അടുത്ത കാലത്താണ് ഹൃദയ സംബന്ധമായ അസുഖം പിടിപ്പെട്ടത്. വിദഗ്ദ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും അസുഖം മൂർച്ചിച്ച് കണ്ണൂർ എ.കെ.ജി. ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് എല്ലാവരെയും സങ്കടത്തിലാക്കിഅദ്ദേഹം വിടവാങ്ങിയത്.
മരണ വാർത്തയറിഞ്ഞ് മമ്പറത്തു നിന്നും വാസുവേട്ടന്റെ വേണ്ടപ്പെട്ടവർ മൃതദ്ദേഹം ഏറ്റുവാങ്ങാൻ സെന്റററിൽ എത്തിയിരുന്നു. പൊതു ദർശനത്തിന് വെച്ചപ്പോൾ വാസുവേട്ടന്റെ കൂടെ അന്തേവാസികളായി കഴിയുന്നവർ ഓരോരുത്തരായി വന്ന് വാസുവേട്ടനെ അവസാനമായി ഒരു നോക്കു കാണുന്ന കാഴ്ചയും ഹൃദയഭേദ കമായിരുന്നു. രാവിലെ മുതൽ തന്നെ സെന്റർ ഭാരവാഹികളായ സി.എച്ച്. മുഹമ്മദ് അഷ്റഫ്, കെ.എം. ഷംസുദ്ദീൻ, ആർ.എം ഷബീർ, എൻ. അബ്ദുല്ല, വളണ്ടിയർമാരായ അക്രം പള്ളിപ്രം, ജബ്ബാർ, അനൂപ് നിലഞ്ചേരി ,റിസ് വാൻ, കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ എല്ലാവരും സെന്ററിലെത്തി വാസുവേട്ടന്റെ അന്ത്യയാത്രക്ക് നേതൃത്വം നൽകി. വാസുവേട്ടനെ ഏറെ സ്നേഹിക്കുന്ന എസ്.വി.മുഹമ്മദലി മാസ്റ്ററും അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് വാസുവേട്ടന്റെ ഭൗതിക ശരീരം മമ്പറത്തുള്ള തറവാട് വീട്ടിലേക്ക് കൊണ്ടു പോയി. അവിവാഹിതനായ വാസുവേട്ടൻ മമ്പറം കീഴത്തൂർ വായനശാലക്ക് സമീപം
പരേതരായ മുല്ലേരി അച്ചുവിന്റെയും നടുക്കൊവ്വൽ കല്ല്യാണിയുടെയും മകനാണ്. തുടർന്ന്
പതിനൊന്ന് മണിയോടെ പന്തക്കപ്പാറ പ്രശാന്തിയിൽ സംസ്കാര ചടങ്ങും നടന്നു. അതോടെ ഒരുപാട് സ്നേഹ വാത്സല്യങ്ങൾ അന്തേവാസികൾക്കും ജീവനക്കാർക്കും നൽകിയ വാസുവേട്ടൻ ഇനി അവരുടെ മനസ്സിൽ എപ്പോഴും മറക്കാനാവാത്ത ഓർമ്മയായി അവശേഷിക്കും.