സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻസംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചിൽ നടത്തി. സംഭവത്തിൽ മാറനല്ലൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് ഫോണിലൂടെ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതിൽ പറഞ്ഞത്. ഇതേ തുടർന്ന് കന്റോൺമെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.തിരച്ചിലിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ കണ്ടെത്തി.എന്നാൽ, സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വാട്സാപ്പിൽ വന്നെന്നും ഇത് പോലീസിൽ അറിയിക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലായ വ്യക്തി നൽകിയ വിശദീകരണം.