കൊച്ചി > തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ രാജിവെച്ചു. ഉച്ചയോടെയാണ് രാജി സമർപ്പിച്ചത്. സ്വതന്ത്രർ എൽഡിഎഫ് പിന്തുണയോടെ അവിശ്വാസപ്രമേയം സമർപ്പിച്ചതോടെയാണ് അജിത രാജിക്ക് സമ്മതിച്ചത്.
നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തെ ചൊല്ലി എ–ഐ ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എൽഡിഎഫിനൊപ്പം ചേർന്നത്. ഇതോടെ യുഡിഎഫിന് കൗൺസിലിലെ ഭൂരിപക്ഷം നഷ്ടമായി.
ഉപാധികളില്ലാതെ രണ്ടരവർഷം യുഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര കൗൺസിലർമാർ പിന്തുണ പിൻവലിച്ച് എൽഡിഎഫ് പിന്തുണയോടെ ശനിയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. മറ്റൊരു സ്വതന്ത്രൻ പി സി മനൂപ്, നേരത്തേതന്നെ എൽഡിഎഫിനൊപ്പമാണ്. അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന ദിവസം വൈസ് ചെയർമാൻ എ എ ഇബ്രാഹിംകുട്ടിയും രാജിവയ്ക്കും. ചെയർപേഴ്സണും വൈസ് ചെയർമാനും രാജിവയ്ക്കുന്നതോടെ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും നഗരസഭയിൽ ഉണ്ടാകില്ല.