തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ പ്രതിഷേധമുയർന്നിരുന്നു.ചെറിയ മാർജിന് എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചരുന്നതെന്ന് ഫലം പുറത്തുവന്നതിന് ശേഷം കെ.വി തോമസ് പ്രതികരിച്ചിരുന്നു. ഉമാ തോമസിനോടുള്ള വ്യക്തിപരമായ താൽപര്യമോ അല്ലെങ്കിൽ മറ്റ് രാഷ്ട്രീയപരമായ വിഷയങ്ങളോ വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും കെ വി തോമസ് പറഞ്ഞു. കെ റെയിലിനെ ജനം അംഗീകരിക്കുന്നില്ലെന്ന് പറയാൻ സാധിക്കില്ല.എൽഡിഎഫിന്റെ തോൽവിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.