//
9 മിനിറ്റ് വായിച്ചു

“കൂടുതല്‍ ലീഡ് നല്‍കുന്ന യുഡിഎഫ്‌ ബൂത്ത് കമ്മിറ്റിക്ക് പാരിതോഷികം”; പരാതിയുമായി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥി

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പാരിതോഷം വാഗ്ദാനം ചെയ്ത് പോസ്റ്റര്‍ ഇറക്കിയതിനെതിരെ പരാതി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥി ബോസ്‌കോ കളമശ്ശേരിയാണ് പൊലീസ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മുമ്പാകെ പരാതി നല്‍കിയത്. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ നീക്കം ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യണമെന്നും പരാതിയില്‍ അവശ്യപ്പെടുന്നു.

ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം ചെയ്തത്. സ്‌നേഹ സമ്മാനമെന്ന പേരിലാണ് വാഗ്ദാനം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തൃത്താലയില്‍ വി ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് ഇന്‍കാസ് വാഗ്ദാനം ചെയ്തത്.സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈബര്‍ സിപിഐഎം രംഗത്തെത്തി. ‘ചിലയിടങ്ങളില്‍ വോട്ടിന് പണം. ചിലയിടങ്ങളില്‍ വോട്ടു പിടിച്ചാല്‍ പണം. എന്താണ് ഖദറിന് സംഭവിക്കുന്നത്? സ്ഥലം മാറുമ്പോള്‍ തുകയില്‍ വല്ല മാറ്റവുമുണ്ടാകുമോ’യെന്നാണ് സോഷ്യല്‍മീഡിയയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പരിഹാസം. ‘വര്‍ഷങ്ങള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണോ’യെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!