//
12 മിനിറ്റ് വായിച്ചു

‘പ്രകൃതി പോലും അനുഗ്രഹിച്ചു, ആത്മവിശ്വാസം’; വോട്ട് ചെയ്ത ശേഷം ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ ആത്മാവ് ഒപ്പമുണ്ടെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. പാലാരിവട്ടം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.’നല്ല ആത്മവിശ്വാസമുണ്ട്. പിടിയുടെ ആത്മാവ് എന്നോട് കൂടിയുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ട്. തൃക്കാക്കരയിലെ ജനത എന്നെ മനസ്സില്‍ അംഗീകരിക്കും എന്ന് ഉത്തമ വിശ്വാസത്തിലാണ് പോവുന്നത്. തീര്‍ച്ചയായും നല്ല വിജയം നേടാനാവും. രാവിലെ മഴയുണ്ടാവുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ പ്രകൃതി പോലും അനുഗ്രഹിച്ചിരിക്കുകയാണ്. എല്ലാം അനുകൂലമായ ഘടകങ്ങളാണ്.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും എനിക്കുണ്ടാവും,’ ഉമ തോമസ് പറഞ്ഞു. പി ടിയെ പ്രാര്‍ത്ഥിച്ച് തന്നെയാണ് വോട്ട് ചെയ്തത്. പിടിയെ പിന്‍ഗാമായാവാനാണല്ലോ ഞാന്‍ നില്‍ക്കുന്നത്. പിടിയുടെ പൂര്‍ത്തീകരണം തന്നെയാണ് എന്റെ മനസ്സിലെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് ഉമ തോമസ് പോളിംഗ് ബൂത്തിലേക്കെത്തിയത്.ഏഴ് മണിയോടെയാണ് തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്. കാലവര്‍ഷം തുടങ്ങിയെങ്കിലും മണ്ഡലത്തില്‍ ഇന്ന് രാവിലെ മുതല്‍ തെളിഞ്ഞ അന്തരീക്ഷമാണ്.രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുക. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിങ്ങിന് ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളേജിലേക്ക് മാറ്റും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ആറ് തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!