തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും ഫലമെന്ന് വി ഡി സതീശന്‍ പറഞ്ഞു.സിപിഐഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ വോട്ട് തൃക്കാക്കരയില്‍ യുഡിഎഫിന് കിട്ടിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ട്വന്റി-20ക്ക് ചെയ്ത വോട്ടുകളും ഇത്തവണ യുഡിഎഫിന് കിട്ടിയിട്ടുണ്ട്. സിപിഐഎമ്മിന്റെ വോട്ട് കിട്ടിയതിന് വേണമെങ്കില്‍ തെളിവ് തരാം. ഞങ്ങള്‍ക്ക് 25,000ത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള വോട്ടൊന്നും തൃക്കാക്കരയിലില്ല’. വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.‘ജനവിധി മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് എല്‍ഡിഎഫിനോട് പറയാനുള്ളത്. അവരത് മനസിലാക്കിയില്ലെങ്കിലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഇങ്ങനെ തന്നെ മുന്നോട്ട് പൊയ്‌ക്കോട്ടെ. ഇവിടെ വോട്ട് കൂട്ടിവച്ചേക്കുകയല്ല. ജനവിധി ആദ്യം അംഗീകരിക്ക്.കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിക്കാന്‍ പാടില്ല. ആര് അങ്ങനെ ചെയ്താലും പരാജയമായിരിക്കും ഫലം. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ആരെയും കുത്തിനോവിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം മാത്രമല്ല തൃക്കാക്കരയിലെ വിജയകാരണം. ചിട്ടയായ പ്രവര്‍ത്തനം, മണ്ഡലം, പി.ടിയുടെ ഓര്‍മകള്‍, ഇതൊക്കെ വിജയത്തെ സ്വാധീനിച്ച ഘടകങ്ങള്‍’ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.