/
10 മിനിറ്റ് വായിച്ചു

തൃശൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി;കൊലപാതകം സ്വത്ത് കൈക്കലാക്കാൻ

തൃശൂര്‍ കുന്നംകുളം കിഴൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി.ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കളുടെ പേരിലുള്ള 14 സെന്റ് സ്ഥലവും വീടും കൈക്കലാക്കാനായിരുന്നു കൊലപാതകം. ചായയില്‍ വിഷം ചേര്‍ത്ത് നല്‍കിയായിരുന്നു കൊലപാതകം. രുഗ്മിണി ചായ കുടിച്ചെങ്കിലും, രുചിമാറ്റം തോന്നിയതോടെ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല.പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് അച്ഛനും അമ്മയ്ക്കും നല്‍കിയത്.

വിഷം ഉള്ളില്‍ ചെന്നതോടെ രുഗ്മിണിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായി.അസുഖബാധിതയാണെന്ന് കാണിച്ചായിരുന്നു ഇന്ദുലേഖ അമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്.

വീട്ടിലുണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. ചായയിലെ രുചിമാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. തുടര്‍ന്നാണ് മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. വിഷം കൊടുത്തതായി ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ സമ്മതിച്ചു.

അച്ഛനും അമ്മയ്ക്കുമൊപ്പം ആയിരുന്നു ഇന്ദുലേഖയും കുട്ടികളും താമസിച്ചിരുന്നത്.വിദേശത്തായിരുന്ന ഭര്‍ത്താവ് അടുത്തിടെ നാട്ടിലെത്തി.ഇന്ദുലേഖയ്ക്കുണ്ടായിരുന്ന എട്ട് ലക്ഷം രൂപയുടെ കടം വീട്ടാനായി മാതാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!