കണ്ണൂർ: യുവതിയുടെ നെഞ്ചിൻകൂടിനുള്ളിൽ നിന്ന് ഒന്നര കിലോ ഭാരമുള്ള തൈറോയ്ഡ് മുഴ നീക്കം ചെയ്തു. കണ്ണൂർ സ്വദേശിനിയായ നാൽപതുകാരിയുടെ ശരീരത്തിൽ നിന്നാണ് ഭാരമേറിയ മുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നാലു മണിക്കൂറോളം നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കിയത്.രോഗിക്ക് 15 വർഷത്തോളമായി കഴുത്തിൽ തൈറോയ്ഡ് മുഴ ഉണ്ടായിരുന്നു. എന്നാൽ കാര്യമായ പരിശോധനകളൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയയായി. തുടർന്നാണ് കഴുത്തിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങ് വലുപ്പമുള്ള മുഴ നെഞ്ചിൻ കൂടിനകത്തുണ്ടെന്ന് കണ്ടെത്തിയത്.തുടർന്ന് വിദഗ്ധ ചികിത്സ തേടി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ന്യൂറോ മോണിറ്റർ സംവിധാനത്തോടെ നടത്തിയ ശസ്ത്രക്രിയയിൽ ശബ്ദം നഷ്ടപ്പെടാതെ മുഴ പൂർണമായും നീക്കം ചെയ്യുകയായിരുന്നു. ഡോ. ഹരിലാൽ വി.നമ്പ്യാർ, ഡോ.പി.വി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.വർഷങ്ങളോളമായി ശരീരത്തിൽ ഉണ്ടായിരുന്ന മുഴയ്ക്ക് മാറ്റങ്ങളുണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്താതിരുന്നതാണ് സ്ഥിതി സങ്കീർണമാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.