//
13 മിനിറ്റ് വായിച്ചു

പാർട്ടി സഖാവിൽ നിന്ന് നറുക്കെടുപ്പ് ദിനത്തിൽ വാങ്ങിയ ടിക്കറ്റ്; ‘സദാനന്ദന്റെ സമയം’ തെളിഞ്ഞതിങ്ങനെ

കോട്ടയം: അപ്രതീക്ഷിതമായി ലോട്ടറി അടിച്ചതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കരകയറാതെ കോട്ടയം സ്വദേശി സദൻ എന്നറിയപ്പെടുന്ന സദാനന്ദൻ.  ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കോട്ടയത്തെ ഈ പെയിന്റിംഗ് തൊഴിലാളിക്കാണ്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് ഈ ബംപർ സമ്മാന ടിക്കറ്റ് സദന്റെ  കൈയിലേക്ക് എത്തിയത്. നറുക്കെടുപ്പ് ദിനമായ ഇന്നലെ രാവിലെ  എടുത്ത ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്.  രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്‌ വെറും 500 രൂപ മാത്രമായിരുന്നു.  വഴിയിൽ വച്ച് സുഹൃത്ത് ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നാണ് 300 രൂപ കൊടുത്ത് സദൻ ടിക്കറ്റ് വാങ്ങിയത്.രാവിലെ ഏതാണ്ട് ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ തനിക്ക് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയുമായിരുന്നു.  അവസാന നിമിഷത്തിലെ ഈ ടിക്കറ്റിനൊപ്പമാണ് ഭാഗ്യദേവതയെന്നറിഞ്ഞ ആ പാവം മനുഷ്യൻ തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് നമ്പറൊക്കെ ശരിയല്ലേ എന്ന് ചോദിക്കുന്നത് പോലും വളരെ നിഷ്‌കളങ്കമായിട്ടാണ്.

സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്ന് പറഞ്ഞ സദൻ രാവിലെ കയ്യിൽ 500 രൂപ ഉണ്ടായതുകൊണ്ടാണ് ടിക്കറ്റെടുത്തതെന്നും വ്യക്തമാക്കുന്നുണ്ട്.  അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദാനന്ദൻ.  ഒരുപാട് കടമുണ്ടെന്നും അതെല്ലാം തീർക്കണമെന്നും ശേഷം മക്കളെ കരകയറ്റണമെന്നതാണ് ലക്ഷ്യമെന്നും സദാനന്ദനും ഭാര്യയും പറഞ്ഞു.അതുപോലെ സദാനന്ദന് ലോട്ടറി നൽകിയ ശെൽവൻ ആശാരി പണി വിട്ടിട്ടാണ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്.  ഈ ബമ്പറിലൂടെ തന്റെ ദുരിതവും അകലുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹവും. ശെൽവൻ വിറ്റ XG 218582 എന്ന നമ്പരിലാണ് ഒന്നാം സമ്മാനം 12 കോടി അടിച്ചത്. കോട്ടയം നഗരത്തിലെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ ശെൽവകുമാറിന്റെ കയ്യിലെത്തിയത്.  എന്തായാലും വിവാദങ്ങളൊന്നും ഇല്ലാതെ ഇത്തവണ മണിക്കൂറുകൾക്കുള്ളിൽ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version