/
14 മിനിറ്റ് വായിച്ചു

സിറ്റി ഗ്യാസ് വീടുകളിലേക്ക്;കൂടാളിയിൽ മദർ സ്റ്റേഷന്റെ നിർമാണം പൂർത്തിയായി

കണ്ണൂർ ∙ കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്നു വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്‌ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൂടാളിയിലെ സ്റ്റേഷൻ 15ന് കമ്മിഷൻ ചെയ്യും.ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎൽ) വിതരണ ചുമതല. ഇതിനായി കൂടാളിയിൽ മദർ സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ താമസക്കാർക്കാണ് ആദ്യം കണക്‌ഷൻ ലഭിക്കുക.പ്രദേശത്തെ വീടുകളിൽ എഐഎജിപിഎൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അപേക്ഷാ ഫോം നൽകിയാണ് കണക്‌ഷൻ നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയത്.മട്ടന്നൂർ ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയായി. ചാലോട് മുതൽ മേലേച്ചൊവ്വ വരെയുള്ള 15 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചത്. കോർപറേഷൻ പരിധിയിലെ വീടുകളിലേക്ക് പൈപ്പിടൽ തുടങ്ങുന്നതിന് കോർപറേഷനിൽ ഉടൻ അനുമതി തേടുമെന്നും ഐഒഎജിപിഎൽ പ്രതിനിധികൾ പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരമേഖലയിലും പിന്നീട് ഗ്രാമങ്ങളിലേക്കും കണക്‌ഷൻ ലഭ്യമാക്കും.രണ്ടാം ഘട്ടത്തിൽ തോട്ടട വഴി പുതിയ ബൈപാസിലൂടെ ചോമ്പാല വരെയുള്ള 38 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കും. താഴെചൊവ്വയ്ക്കും നടാലിനും ഇടയിൽ 6 കിലോമീറ്റർ ദൂരത്ത് പൈപ്പിടൽ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അനുമതി നൽകേണ്ടത് ദേശീയപാത അതോറിറ്റിയാണോ മരാമത്ത് വകുപ്പാണോ എന്ന ആശയക്കുഴപ്പം കാരണമാണ് ഇത്. വളപട്ടണം മുതൽ പയ്യന്നൂർ ഭാഗത്തേക്കുള്ള പ്രവൃത്തി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങിയ ശേഷമേ ഉണ്ടാകൂ.

വീടുകളിലേക്ക് കണക്‌ഷന് മൂന്ന് സ്കീമുകൾ

6000 രൂപ ഡിപ്പോസിറ്റ്, 1000 രൂപ കമേഴ്സ്യൽ ഗ്യാസ് ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്ട്രേറ്റീവ് ചാർജ് എന്നിവ ഉൾപ്പെടെ മുൻകൂറായി 7118 രൂപ അടയ്ക്കേണ്ട സ്കീമും 1000 രൂപ കണക്‌ഷൻ ഡിപ്പോസിറ്റ്, 500 രൂപ വീതം 10 ദ്വൈമാസ തവണകളായി 5000 രൂപ, 1000 രൂപ കമേഴ്സ്യൽ ഗ്യാസ് ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്ട്രേറ്റീവ് ചാർജ് എന്നിങ്ങനെ മുൻകൂറായി 2118 രൂപ അടയ്ക്കേണ്ട സ്കീമും 100 രൂപ ദ്വൈമാസ വാടക, 1000 രൂപ കമേഴ്സ്യൽ ഡിപ്പോസിറ്റ്, 118 രൂപ അഡ്മിനിസ്ട്രേറ്റീവ് ചാർജ് എന്നിങ്ങനെ കണക്‌ഷൻ ഡിപ്പോസിറ്റ് ഒഴിവാക്കി 1118 രൂപ മുൻകൂറായി അടയ്ക്കേണ്ട സ്കീമുമാണ് ഗാർഹിക കണക്‌ഷനു വേണ്ടിയുള്ള മൂന്ന് സ്കീമുകൾ. തുടർന്നുള്ള മാസങ്ങളിൽ ഉപയോഗത്തിന് അനുസരിച്ച് മീറ്ററിൽ രേഖപ്പെടുത്തുന്ന അളവ് കണക്കാക്കിയുള്ള തുക മാത്രം അടച്ചാൽ മതിയാകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version