12 മിനിറ്റ് വായിച്ചു

വിലാപയാത്രയായി ഇന്ന് കോട്ടയത്തേക്ക് ; സംസ്കാരം നാളെ പകൽ രണ്ടിന്‌ പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളിയിൽ

ബംഗളൂരു/ തിരുവനന്തപുരം > മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ 4.25ന്‌ ബംഗളൂരു ഇന്ദിര നഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ സമൂഹമാധ്യമത്തിലൂടെയാണ്‌ മരണവിവരം അറിയിച്ചത്‌.   പുതുപ്പള്ളി  എംഎൽഎയാണ്.

ഭാര്യ മറിയാമ്മ, മക്കളായ അച്ചു ഉമ്മൻ, മരിയ ഉമ്മൻ, ചാണ്ടി ഉമ്മൻ,  കൊച്ചുമക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. 26 പ്രതിപക്ഷ കക്ഷികൾ അണിനിരക്കുന്ന യോഗം ബംഗളൂരുവിൽ തുടരുന്നതിനിടെയാണ്‌ ഉമ്മൻചാണ്ടിയുടെ വിയോഗം. നിര്യാണത്തിൽ യോഗം അനുശോചിച്ചു.  തൊണ്ടയിൽ അർബുദത്തിന്‌ ഏഴുവർഷമായി ചികിത്സയിലായിരുന്നു.  സംസ്കാരം വ്യാഴം പകൽ രണ്ടിന്‌ പുതുപ്പള്ളി സെന്റ്‌ ജോർജ്‌ ഓർത്തഡോക്‌സ്‌ വലിയപള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിൽ.

ബംഗളൂരുവിൽ ദേശീയ നേതാക്കളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പകൽ 2.20ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ ഏറ്റുവാങ്ങി. മന്ത്രി വി ശിവൻകുട്ടിയും എത്തിയിരുന്നു.  4.45ന്‌ ജഗതിയിലെ പുതുപ്പള്ളി  വീട്ടിലെത്തിച്ചു. നേതാക്കളും പ്രവർത്തകരും ഉദ്യോഗസ്ഥരും ചലച്ചിത്ര താരങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം ആയിരങ്ങൾ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന്‌  സെക്രട്ടറിയറ്റിലെ ദർബാർഹാളിൽ പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കം നൂറുകണക്കിനുപേർ ദർബാർ ഹാളിൽ അന്ത്യോപചാരമർപ്പിച്ചു.  ഉമ്മൻചാണ്ടി തിരുവനന്തപുരത്തുള്ളപ്പോൾ പോകാറുള്ള സെക്രട്ടറിയറ്റിന്‌ സമീപത്തെ സെന്റ്‌ ജോർജ്‌ പള്ളിയിലും പൊതുദർശനമുണ്ടായി. രാത്രി വൈകി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിച്ചു. അവിടെയും നൂറുകണക്കിന്‌ പ്രവർത്തകർ അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിന്നിരുന്നു. ബുധൻ രാവിലെ ഏഴിന്‌ എംസി റോഡ്‌ വഴി വിലാപയാത്രയായി കോട്ടയത്ത്‌ എത്തിക്കും. വൈകിട്ട്‌ അഞ്ചുമുതൽ തിരുനക്കര മൈതാനത്ത്‌ പൊതുദർശനം. രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version